swayamvara
pulimoottil

ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം; നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടെന്ന് റിപ്പോര്‍ട്ട്

ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം; നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടെന്ന് റിപ്പോര്‍ട്ട്

ടെഹ്റാന്‍: ജോര്‍ദാനിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ നിരവധി യുഎസ് സൈനിക വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസാണ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. മുവാഫഖ് സല്‍തി വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു എ-10 തണ്ടര്‍ബോള്‍ട്ട് യുദ്ധവിമാനത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായും എഫ്-15 വിഭാഗത്തിലെ എട്ട് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘വാര്‍ത്തോഗ്’ എന്നറിയപ്പെടുന്ന എ-10 തണ്ടര്‍ബോള്‍ട്ട് വിമാനത്തിന്റെ ഒരു ചിറക് നഷ്ടപ്പെട്ടതായി സിബിഎസ് റിപ്പോര്‍ട്ടര്‍ ജെന്നിഫര്‍ ജേക്കബ്‌സ് എക്‌സില്‍ കുറിച്ചു. അതേസമയം, കേടുപാടുകള്‍ സംഭവിച്ച എട്ട് എഫ്-15 വിമാനങ്ങള്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും സേവനത്തില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ജോര്‍ദാനിലെ അമേരിക്കന്‍ സൈന്യം 30ലധികം പാട്രിയറ്റ് മിസൈലുകള്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക അഞ്ച് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടതിന് പ്രതികാരമായാണ് എണ്ണക്കപ്പലുകള്‍ ആക്രമിച്ചതെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ജോര്‍ദാനിലെ വ്യോമതാവളം ഉള്‍പ്പെടെ എട്ട് എണ്ണക്കപ്പലുകള്‍ക്കും രണ്ട് യുദ്ധക്കപ്പലുകള്‍ക്കും നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 20 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയെന്നും അതില്‍ 18 എണ്ണം തകര്‍ത്തതായും ജോര്‍ദാന്‍ സൈന്യം അറിയിച്ചു.

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉപാധികള്‍ ഇറാന്‍ മുന്നോട്ടുവച്ചു. അമേരിക്ക വീണ്ടും ഭീഷണികള്‍ ഉയര്‍ത്തുന്നത് അവസാനിപ്പിക്കണം, ഇസ്രയേല്‍ സൈന്യത്തെ ലെബനനില്‍ നിന്ന് പിന്‍വലിക്കണം, യെമനിലെ ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ 2400 കോടി ഡോളര്‍ ആസ്തികള്‍ വിട്ടുനല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവച്ചത്. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളില്‍ അമേരിക്ക ഇടപെടരുതെന്നും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കി.

അപ്രിയമായിക്കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ താല്‍പര്യപ്പെടുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നവംബറിലെ അമേരിക്കന്‍ മിഡ്ടേം തിരഞ്ഞെടുപ്പിന് പിന്നാലെ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ബുധനാഴ്ച പറഞ്ഞിരുന്നു. ഇറാന് ഇനി അധികകാലം പിടിച്ചുനില്‍ക്കാനാകില്ലെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ടെഹ്റാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ട്രംപിന്റെ മുതിര്‍ന്ന ഉപദേശകര്‍ യുദ്ധം അദ്ദേഹത്തിന്റെ ഭരണകാലത്തെ ശേഷിക്കുന്ന രണ്ട് വര്‍ഷവും തുടരാന്‍ സാധ്യതയുണ്ടെന്ന് സ്വകാര്യമായി മുന്നറിയിപ്പ് നല്‍കിയതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Iranian attack on US airbase in Jordan; reports indicate damage to several American fighter jets.

Share Email
LATEST excelnclexrn
Top