ടെഹ്‌റാൻ: ഇറാൻ ജനതയ്‌ക്കെതിരെയുള്ള അമേരിക്കയുടെ കടന്നുകയറ്റങ്ങൾക്കും ആക്രമണങ്ങൾക്കും മറുപടിയായി കടുത്ത പ്രതിരോധ നടപടികൾ ആരംഭിക്കുന്നതായി ഇറാൻ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് റസാ ആരിഫ്. വരും മാസങ്ങളിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വൻ തകർച്ച നേരിടുമെന്നും ഇന്ധനം ശേഖരിച്ചു വെക്കാൻ അമേരിക്കയിലെ സാധാരണ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾ ഇറാന്റെ സുരക്ഷാ കണക്കുകൂട്ടലുകളെയും പ്രതിരോധ നയങ്ങളെയും പൂർണ്ണമായി മാറ്റിമറിച്ചതായി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഒരു വിവാഹച്ചടങ്ങിൽ ചൊവ്വാഴ്ച രാത്രി അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ നാല് സിവിലിയന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണം പുറത്തുവന്നത്. ഇനിമുതൽ തങ്ങളുടെ പ്രത്യാക്രമണങ്ങൾ തന്ത്രപരവും വിവിധ ഘട്ടങ്ങളിലായുള്ളതുമായിരിക്കുമെന്ന് ആരിഫ് കൂട്ടിച്ചേർത്തു. അക്രമികളുടെ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള തിരിച്ചടികളായിരിക്കും വരും ദിവസങ്ങളിൽ നേരിടേണ്ടി വരികയെന്നും യുഎസ് സാമ്പത്തിക വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, വിവാഹച്ചടങ്ങിന് നേർക്ക് വ്യോമാക്രമണം നടത്തിയെന്ന ഇറാന്റെ ആരോപണങ്ങളിൽ അമേരിക്കൻ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിവിലിയന്മാരെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ഒരിക്കലും ആക്രമണം നടത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പ്രതികരിച്ചു. പൊതുജനങ്ങളെയും സാധാരണക്കാരെയും ആക്രമിക്കുന്നത് ഇറാൻ സൈന്യത്തിന്റെ രീതിയാണെന്ന് ആരോപിച്ച അദ്ദേഹം, ഉയർന്നുവന്ന പരാതിയിൽ പരിശോധന നടക്കുകയാണെന്നും വ്യക്തമാക്കി.















