ബെയ്റൂട്ട്: ഇസ്രായേൽ തടങ്കലിൽ കഴിഞ്ഞിരുന്ന ലെബനീസ് തടവുകാരുടെ ആദ്യ സംഘത്തിന്റെ മോചനത്തിലേക്ക് നയിച്ച ഇടപെടലുകൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും യുഎസ് ഭരണകൂടത്തിനും നന്ദി അറിയിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ. നയതന്ത്ര മധ്യസ്ഥത വഹിച്ച റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയുടെ (ഐസിആർസി) മേൽനോട്ടത്തിൽ വ്യാഴാഴ്ച ഒരാളെയും വെള്ളിയാഴ്ച നാല് പേരെയും ഇസ്രായേൽ ലെബനന് കൈമാറി. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തിന് മുൻപും ശേഷവുമായി ഇസ്രായേൽ കസ്റ്റഡിയിലെടുത്ത മുപ്പതോളം ലബനീസ് പൗരന്മാരിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ മോചിതരായ ഈ അഞ്ച് പേർ.
തടങ്കലിലാക്കപ്പെടുകയോ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്ത പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ലബനനിലെ നിരവധി കുടുംബങ്ങൾ ഇപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഐസിആർസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇവരുടെ വിവരങ്ങൾ കണ്ടെത്താനും കുടുംബങ്ങൾക്ക് വ്യക്തത നൽകാനുമുള്ള ശ്രമങ്ങൾ തുടർന്നു വരികയാണെന്നും റെഡ് ക്രോസ് വ്യക്തമാക്കി. എന്നാൽ 2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രായേൽ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന ലബനീസ് പൗരന്മാർ ഉൾപ്പെടെയുള്ളവരെ നേരിട്ട് കാണാൻ ഐസിആർസിക്ക് അനുമതി ലഭിച്ചിട്ടില്ല. സംഘർഷവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ടവരെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമാക്കണമെന്നും അവരെ സന്ദർശിക്കാൻ അനുവാദം നൽകണമെന്നും റെഡ് ക്രോസ് അധികൃതർ വീണ്ടും ആവശ്യപ്പെട്ടു.
സ്വന്തം പൗരന്മാരുടെ മോചനം ലെബനന്‍റെ ശക്തമായ നിലപാടിന്റെ ഫലപ്രാപ്തി തെളിയിക്കുന്ന ആദ്യ ചുവടുവെപ്പാണെന്നും രാജ്യത്തിന്റെ പൂർണ്ണ പരമാധികാരം വീണ്ടെടുക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ലബനൻ പ്രസിഡന്റ് ഔൺ വ്യക്തമാക്കി. മോചിതരായ അഞ്ച് പേരും ഏതെങ്കിലും ഭീകര സംഘടനകളിൽ അംഗങ്ങളോ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരോ അല്ലെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി ഇസ്രായേൽ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. അതിനാൽ ഇവരെ തുടർന്നും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് വിട്ടയച്ചതെന്ന് ഇസ്രായേൽ വ്യക്തമാക്കി.
അതേസമയം, ലെബനൻ അതിർത്തിയിൽ നിന്ന് രാജ്യത്തിനുള്ളിലേക്ക് ആറ് മൈലോളം വരുന്ന തന്ത്രപ്രധാന പ്രദേശം ഇസ്രായേൽ സൈന്യം നിലവിൽ കൈവശപ്പെടുത്തിയിരിക്കുകയാണ്. മേഖലയിൽ ഹിസ്ബുള്ള ഉയർത്തുന്ന ഭീഷണി പൂർണ്ണമായി ഇല്ലാതാക്കുന്നതുവരെ ഈ ‘സുരക്ഷാ മേഖലയിൽ’ തന്നെ സൈന്യം തുടരുമെന്നും, അവിടെ നിന്ന് ഒഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ലബനീസ് നിവാസികളെ ഉടൻ തിരിച്ചെത്താൻ അനുവദിക്കില്ലെന്നും ഇസ്രായേൽ അധികൃതർ മുന്നറിയിപ്പ് നൽകി.

















