swayamvara
pulimoottil

കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ അമേരിക്കയിൽ ഏറ്റവും രൂക്ഷമായ രോഗവ്യാപനം , അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു

കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ അമേരിക്കയിൽ ഏറ്റവും രൂക്ഷമായ രോഗവ്യാപനം , അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു


പി പി ചെറിയാൻ

പെന്‍സില്‍വാനിയ: അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ രോഗവ്യാപനത്തിന് അമേരിക്ക സാക്ഷ്യം വഹിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് അഞ്ചാംപനി മൂലമുള്ള മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഫേഴ്‌സണ്‍ കൗണ്ടി നിവാസിയായ സ്ത്രീയാണ് ശനിയാഴ്ച മരിച്ചതെന്ന് കൗണ്ടി കൊറോണര്‍ ഗ്രെഗ് ഫര്‍ലോങ് സ്ഥിരീകരിച്ചു.

അഞ്ചാംപനി ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ രോഗമാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദാരുണ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരണത്തെക്കുറിച്ച് പെന്‍സില്‍വേനിയ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പെന്‍സില്‍വേനിയയിലെ 37 കൗണ്ടികളിലായി ഇതുവരെ 676 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് 124 പേര്‍ ചികിത്സയിലാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണ്ണമായി എടുത്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങളും ശിശുക്കളുടേതായിരുന്നു.

ചുമ, പനി, മൂക്കൊലിപ്പ്, കണ്ണുകള്‍ ചുവന്നു തടിയ്ക്കുക എന്നിവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്നാണ് ശരീരത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുന്നത്. ന്യുമോണിയ, തലച്ചോറിലെ വീക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഈ രോഗം നയിച്ചേക്കാം.

അമേരിക്കയിലുടനീളം ഈ വര്‍ഷം 3,000 ത്തില്‍ അധികം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്നു. 1991 ന് ശേഷമുള്ള ഏറ്റവും വലിയ രോഗ വ്യാപനത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്.

Share Email
LATEST excelnclexrn
Top