swayamvara
pulimoottil

ഇറാന്‍ യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആയുധശേഖരത്തില്‍ വലിയ കുറവെന്ന് പെന്റഗണ്‍

ഇറാന്‍ യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആയുധശേഖരത്തില്‍ വലിയ കുറവെന്ന് പെന്റഗണ്‍

വാഷിംഗടണ്‍: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ വെടിക്കോപ്പുകളുടെയും മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെയും ശേഖരത്തില്‍ വലിയ കുറവുണ്ടാക്കിയതായി പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.

തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരേ നടത്തുന്ന ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ വന്‍തോതില്‍ വെടിക്കോപ്പുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് തന്ത്രപ്രധാനമായ ആയുധശേഖരത്തില്‍ കുറവുണ്ടായതായും ആയുധങ്ങള്‍ പുനഃശേഖരിക്കുന്നതിനുള്ള വ്യവസായ അടിസ്ഥാന സൗകര്യങ്ങളില്‍ തടസ്സങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോളിഡ് റോക്കറ്റ് മോട്ടോറുകള്‍, സ്‌ഫോടക വസ്തുക്കള്‍, പ്രൊപ്പല്ലന്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണ മേഖലയിലാണ് പ്രധാനമായും തടസങ്ങള്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളുടെ സംഭരണവും പുനര്‍വിതരണവും വേഗത്തിലാക്കുന്നതിനായി സംഭരണ നടപടികളും ഉല്‍പാദന സമയക്രമങ്ങളും ലളിതമാക്കാനുള്ള നടപടികള്‍ പ്രതിരോധ വകുപ്പ് സ്വീകരിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിയന്തര സാഹചര്യം നേരിടാന്‍ ആവശ്യമായ നിര്‍ണായക അസംസ്‌കൃത വസ്തുക്കള്‍, ഘടകങ്ങള്‍, തിരഞ്ഞെടുത്ത ആയുധങ്ങള്‍ എന്നിവ ശേഖരിച്ചുവയ്ക്കാനും പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.ഓഗസ്റ്റ് 26ന് പ്രതിരോധ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറലിന് നല്‍കിയ രേഖാമൂലമുള്ള മറുപടികളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ യുദ്ധത്തിന് ഇതുവരെ ചെലവായത് 33.4 ബില്യണ്‍ ഡോളര്‍
ജൂണ്‍ 29 വരെയുള്ള കണക്കനുസരിച്ച് ഇറാനുമായുള്ള യുദ്ധത്തിന് അമേരിക്കയ്ക്ക് 33.4 ബില്യണ്‍ ഡോളര്‍ ചെലവായതായി പെന്റഗണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 22.3 ബില്യണ്‍ ഡോളര്‍ ഉപയോഗിച്ചത് ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കും വേണ്ടിയാണെന്നും വ്യക്തമാക്കുന്നു.

ഇറാന്റെ ആക്രമണങ്ങളില്‍ മധ്യപൂര്‍വദേശത്തെ അമേരിക്കന്‍ സൈനിക താവളങ്ങളിലെ നൂറുകണക്കിന് കെട്ടിടങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായി നശിക്കുകയോ ചെയ്തതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തതായി പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.മേഖലയിലെ അമേരിക്കന്‍ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും ഇറാന്റെ ആക്രമണങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.നയതന്ത്ര സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ മൂല്യം 18.4 കോടി ഡോളര്‍ വരുന്നതായാണ് കണക്ക്.ഇറാന്‍ യുദ്ധം തുടരുന്നതിനിടെ അമേരിക്കന്‍ ആയുധശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദവും യുദ്ധച്ചെലവിലെ വന്‍ വര്‍ധനയും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

Pentagon reports a significant depletion in US weapons stockpiles amidst the ongoing conflict involving Iran.

Share Email
Top