കൊച്ചി: സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടിലെത്തിയ 213 കോടി രൂപ വായ്പയാണെന്ന കമ്പനിയുടെ വാദം നിലനിൽക്കില്ലെന്നാണ് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് പ്രകാരം ഒരു ചിട്ടി സ്ഥാപനം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 137.15 കോടി രൂപ നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ 100 കോടി രൂപയുടെ ഇടപാടിന് മാത്രമാണ് കമ്പനി ബോർഡ് അനുമതി നൽകിയതായി രേഖകളിൽ കാണിച്ചിരിക്കുന്നത്. ബോർഡ് അനുമതിയുള്ള തുക കഴിച്ചുള്ള 37.15 കോടി രൂപ കമ്പനിയുടെ അക്കൗണ്ടിലെത്തിയത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ഇടപാടുകളിലെ ഈ പൊരുത്തക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ.
അതേസമയം, അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ 126 കോടി രൂപ മറ്റ് കമ്പനികളിൽനിന്നുള്ള പണമാണെന്ന വിവരവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
126 കോടി രൂപയിൽ 77.16 കോടി രൂപ 2025 ജൂണിലും ശേഷിക്കുന്ന തുക നവംബറിലുമാണ് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിന്റെ 18 ശതമാനമായ 22.68 കോടി രൂപ ജിഎസ്ടിയായി അടയ്ക്കേണ്ടതുണ്ട്. വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ തുകയായതിനാൽ ഇത് റിവേഴ്സ് ചാർജ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിൽനിന്നാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റ്യൻ കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഇന്റലിജൻസ് ഓഫീസിലെത്തി മൊഴി നൽകിയിരുന്നു.

















