വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യ നാല് മാസങ്ങളിൽ പ്രതിരോധ വകുപ്പിന് വന്ന ചെലവിന്റെ കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ ഇൻസ്പെക്ടർ ജനറൽ. യുദ്ധത്തിൽ തീർന്ന ആയുധങ്ങളുടെ വില, യുഎസ് നയതന്ത്ര കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ, തകർന്ന ഉപകരണങ്ങൾ എന്നിവയുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് തിങ്കളാഴ്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. ജൂൺ 29 വരെയുള്ള കണക്കുകൾ പ്രകാരം ഇറാൻ യുദ്ധത്തിന് മാത്രം പ്രതിരോധ വകുപ്പിന് ഏകദേശം 33.4 ബില്യൺ ഡോളർ ചെലവ് വന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിൽ 22.3 ബില്യൺ ഡോളർ ഉപയോഗിച്ച ആയുധങ്ങൾക്കും, 3.7 ബില്യൺ ഡോളർ നഷ്ടപ്പെട്ട ഉപകരണങ്ങൾക്കുമാണ്. കൂടാതെ സൈന്യത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി വരുന്ന അധിക ചെലവുകളായി 7.4 ബില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇറാനിയൻ പ്രത്യാക്രമണങ്ങളിൽ തകർന്ന അമേരിക്കൻ സൈനിക താവളങ്ങൾ നന്നാക്കുന്നതിനുള്ള ചെലവ് ഈ 33.4 ബില്യൺ ഡോളർ തുകയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഗവൺമെന്റ് വാച്ച് ഡോഗ് വ്യക്തമാക്കുന്നു.
കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ മിലിട്ടറി ഫെസിലിറ്റികൾക്കാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ആയുധങ്ങളുടെ അമിത ഉപയോഗം തന്ത്രപ്രധാനമായ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയിട്ടുണ്ടെന്നും, ആയുധങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിൽ വ്യാവസായിക തലത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രതിരോധ വകുപ്പിന്റെ ഓഫീസ് ഓഫ് ദി അണ്ടർ സെക്രട്ടറി ഫോർ അക്വിസിഷൻ ആൻഡ് സസ്റ്റെയ്ൻമെന്റിനെ ഉദ്ധരിച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇറാൻ യുദ്ധം അമേരിക്കയുടെ ആയുധ ശേഖരം കാലിയാക്കുന്നുവെന്ന ആശങ്കകൾ മാസങ്ങളായി നിലനിൽക്കുന്നുണ്ട്.

















