വാഷിംഗ്ടൺ: ദക്ഷിണ അമേരിക്കൻ മേഖലയിൽ ലഹരിക്കടത്തിനും ഭീകരവാദത്തിനുമെതിരായ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആഫ്രിക്കയിൽ സേവനത്തിലുള്ള തങ്ങളുടെ അത്യാധുനിക MQ-9 റീപ്പർ (MQ-9 Reaper) ഡ്രോണുകൾ അമേരിക്ക സതേൺ കമാൻഡിലേക്ക് മാറ്റുന്നു. വിവരശേഖരണത്തിനും കൃത്യതയാർന്ന വ്യോമാക്രമണങ്ങൾക്കും ഉപയോഗിക്കുന്ന ഭൂരിഭാഗം ഡ്രോണുകളും മേഖലയിലേക്ക് മാറ്റാനാണ് തീരുമാനം. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളുമായി സഹകരിച്ച് കരമാർഗ്ഗമുള്ള വൻ സൈനിക നീക്കങ്ങൾക്ക് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതിനിടെയാണ് ഈ സുപ്രധാന നീക്കം.
കഴിഞ്ഞ വർഷം ലഹരിക്കടത്ത് ബോട്ടുകളെ ലക്ഷ്യമിട്ട് കരീബിയൻ മേഖലയിലേക്ക് എഫ്-35 യുദ്ധവിമാനങ്ങളും എസി-130 ഗൺഷിപ്പുകളും അമേരിക്ക വിന്യസിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ ഡ്രോൺ വ്യൂഹത്തെയും മേഖലയിലേക്ക് മാറ്റുന്നത്. ഇക്വഡോർ അടക്കമുള്ള പങ്കാളിത്ത രാജ്യങ്ങളുമായി ചേർന്ന് ഭീകര സംഘടനകൾക്കും ലഹരി കാർട്ടലുകൾക്കുമെതിരെ ശക്തമായ തിരിച്ചടി നൽകാനാണ് യുഎസ് ലക്ഷ്യമിടുന്നത്. അതേസമയം, ഇറാന് എതിരെയുള്ള യുദ്ധത്തിൽ തകർന്ന ആസ്തികൾക്ക് പകരമായി ഇതിൽ ചില ഡ്രോണുകൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
അതേസമയം, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഐസിസ്, അൽ ഷബാബ് തുടങ്ങിയ ഭീകരസംഘടനകൾ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കെയാണ് ഡ്രോണുകൾ അവിടെ നിന്നും മാറ്റുന്നത്. മുൻപ് ആഫ്രിക്കയിലെ യു.എസ് സൈനിക സാന്നിധ്യം കുറച്ചപ്പോഴും സംയുക്ത ആക്രമണങ്ങൾ തുടർന്നിരുന്നു. എന്നാൽ ഡ്രോണുകൾ പിൻവലിക്കുന്നത് ആഫ്രിക്കയിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ കാര്യക്ഷമതയെ ബാധിച്ചേക്കാമെന്ന ആശങ്ക സൈനിക വൃത്തങ്ങൾ പങ്കുവെക്കുന്നുണ്ട്.














