വാഷിംഗടണ്‍: വെനസ്വേലന്‍ സര്‍ക്കാരിനുവേണ്ടി രഹസ്യമായി ലോബിയിംഗ് നടത്തിയ കേസില്‍ മുന്‍ മിയാമി കോണ്‍ഗ്രസ് അംഗം ഡേവിഡ് റിവേരയ്ക്ക് 10 വര്‍ഷം തടവ്. മുന്‍ വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനുവേണ്ടി അഞ്ചു കോടി ഡോളറിന്റെ ഇടപാടില്‍ പ്രവര്‍ത്തിച്ചെന്നാണ് കേസ്.
61 കാരനായ റിവേരയെ വിദേശ ഏജന്റായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതും പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതുമടക്കമുള്ള കുറ്റങ്ങളില്‍ മേയില്‍ ജൂറി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. റിവേര യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ദീര്‍ഘകാല സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുമാണ്.
വെനസ്വേലയ്‌ക്കെതിരായ അമേരിക്കയുടെ കടുത്ത നയത്തിലും ഉപരോധങ്ങളിലും മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടത്തിലെ സ്വാധീനമുള്ള വ്യക്തികളുമായുള്ള ബന്ധം റിവേര ഉപയോഗിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. രാഷ്ട്രീയ ഉപദേഷ്ടാവ് എസ്തര്‍ നുഫറിനൊപ്പം മഡുറോ സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കായി യുഎസിലെ വിവിധ നഗരങ്ങളില്‍ കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
അതേസമയം അഞ്ചു കോടി ഡോളറിന്റെ കരാര്‍ നിയമവിരുദ്ധ ലോബിയിങ്ങിനായിരുന്നില്ലെന്നാണ് റിവേരയുടെ അഭിഭാഷകരുടെ വാദം. വെനസ്വേലയില്‍ എക്‌സോണ്‍മൊബിലിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള വാണിജ്യപരമായ പ്രവര്‍ത്തനമായിരുന്നു കരാറിന്റെ ലക്ഷ്യമെന്നും അതിനാല്‍ വിദേശ ഏജന്റ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കരാര്‍ നിയമവിരുദ്ധ ലോബിയിങ് മറച്ചുവയ്ക്കാനുള്ള മറയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്.
ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിവേരയുടെ അഭിഭാഷകര്‍ അറിയിച്ചു. ജൂണില്‍ പ്രസിഡന്റിന്റെ മാപ്പിനായും അപേക്ഷ നല്‍കിയിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ റിവേരയുടെ രാഷ്ട്രീയ ബന്ധങ്ങളും രഹസ്യ ആശയവിനിമയങ്ങളും ചര്‍ച്ചയായത് മിയാമിയിലെ വിദേശ രാഷ്ട്രീയ സ്വാധീന ശ്രമങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. വെനസ്വേലന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിചാരണയ്ക്കിടെ പുറത്തുവന്നു.
$50 million Venezuelan lobbying case: Former Congressman and friend of Rubio sentenced to 10 years in prison.
















