ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബദരീനാഥിൽ നിന്നും തീർത്ഥാടകരുമായി മടങ്ങുന്നതിനിടെ കാണാതായ ഹെലികോപ്റ്റർ തകർന്നു വീണ് ഉള്ളിലുണ്ടായിരുന്ന ആറുപേരും മരിച്ചു. പൈലറ്റും അഞ്ച് യാത്രക്കാരുമാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ജോഷിമഠിന് സമീപമുള്ള ദുർഘടമായ മലനിരകളിൽ വെച്ചാണ് ഹെലികോപ്റ്റർ ത ത തകർന്നടിഞ്ഞ നിലയിൽ കണ്ടെത്താനായത്.
ഉച്ചയ്ക്ക് ശേഷം റഡാർ ബന്ധം വേർപെട്ടതിനെ തുടർന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും (SDRF) സൈന്യവും നടത്തിയ തിരച്ചിലിലാണ് തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും മൂലം മേഖലയിൽ കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

















