സുരക്ഷാ മുന്നറിയിപ്പ്: ഫ്രാങ്ക്ഫർട്ട്-ഡൽഹി എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു; അടിയന്തര ലാൻഡിംഗ്

സുരക്ഷാ മുന്നറിയിപ്പ്: ഫ്രാങ്ക്ഫർട്ട്-ഡൽഹി എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു; അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ബോയിംഗ് 787-9 വിമാനമായ AI2030, ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.
സുരക്ഷാ ഭീഷണിയെ തുടർന്നുള്ള അടിയന്തര ലാൻഡിംഗിനെക്കുറിച്ച് വിമാനത്താവള അധികൃതർ പൊലീസിന് വിവരം നൽകിയതായി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് (മാളവ്യ നഗർ) ശിവ് ദയാൽ അറിയിച്ചു. ഐസൊലേഷൻ ബേയിൽ നിലയുറപ്പിച്ച വിമാനത്തിൽ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തിവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൈലറ്റ് ‘ഹൈജാക്ക്’ അലേർട്ട് കോഡ് ഉപയോഗിച്ചതായി റിപ്പോർട്ട്

മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെ വിമാനം സഞ്ചരിക്കവേ, വിമാനം തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടൽ എന്നിവ വ്യക്തമാക്കുന്ന അന്താരാഷ്ട്ര ട്രാൻസ്പോണ്ടർ കോഡായ ‘സ്ക്വാക്ക് കോഡ് 7500’ പൈലറ്റ് സജീവമാക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.തുടർന്നാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം, പൈലറ്റുമാരെയും യാത്രക്കാരെയും സുരക്ഷാ മേൽനോട്ടത്തിൽ ഘട്ടം ഘട്ടമായി പുറത്തിറക്കി. നിലവിൽ യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്.

Share Email
LATEST excelnclexrn
More Articles
Top