നേഹ ബോറ സുരക്ഷിതയോ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഐസ, വാഹനത്തിലെ യുണിഫോമില്ലാത്തവരെക്കുറിച്ചും ചോദ്യം; ദീപ്കെയെക്കുറിച്ചും വിവരമില്ല

നേഹ ബോറ സുരക്ഷിതയോ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഐസ, വാഹനത്തിലെ യുണിഫോമില്ലാത്തവരെക്കുറിച്ചും ചോദ്യം; ദീപ്കെയെക്കുറിച്ചും വിവരമില്ല

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ‘തിരംഗ യാത്രയ്ക്കിടെ കസ്റ്റഡിയിലെടുത്ത ഐസ അധ്യക്ഷ നേഹാ ബോറയെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന ആരോപണവുമായി സഹപ്രവർത്തകരും അനുയായികളും രംഗത്ത്. നേഹയെ ഒറ്റയ്ക്ക് കസ്റ്റഡിയിലെടുത്ത ശേഷം അജ്ഞാതമായൊരിടത്തേക്ക് മാറ്റിയെന്നും, നേഹയുടെ കൈവശം ഫോൺ പോലുമില്ലെന്നും നേഹയുടെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത് വെറുമൊരു കസ്റ്റഡിയിലെടുക്കലല്ല, മറിച്ച് ഒരു തട്ടിക്കൊണ്ടുപോകലാണെന്നാണ് സംഘടന ആരോപിക്കുന്നത്.

നേഹയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പുറത്തുനിന്നുള്ളവർ ഉണ്ടായിരുന്നത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ഐസ ചൂണ്ടിക്കാണിക്കുന്നു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ ഡൽഹി പൊലീസ് പ്രതിഷേധക്കാരെ നേരിടാൻ നിയോഗിച്ചിരിക്കുന്നതെന്ന ഗൗരവകരമായ ചോദ്യമാണ് സംഘടന ഉയർത്തുന്നത്. വൈകിട്ട് നാല് മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെ മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്സ് കസ്റ്റഡിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ രാത്രി എട്ട് മണിയായിട്ടും യാതൊരു വിവരവും ഔദ്യോഗികമായി നൽകാൻ പൊലീസ് തയ്യാറായിട്ടില്ല.

നേഹയുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അവരെ കാണാൻ അഭിഭാഷകരെ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും ഐസ വ്യക്തമാക്കി. നേഹയെ ഉടൻ മോചിപ്പിക്കണമെന്നും കസ്റ്റഡി നടപടികളിലെ മുഴുവൻ ദുരൂഹതകളും നീക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നേഹയെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന് ഡൽഹി പൊലീസ് ഉടൻ വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, തിരംഗ യാത്രയിൽ പങ്കെടുക്കവെ കസ്റ്റഡിയിലെടുത്ത സി.ജെ.പി. സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഝണ്ഡേവാലാനിലെ വീടിന് പുറത്തുനിന്നും ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ദീപ്കെയെ ഏത് പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയതെന്ന് വ്യക്തമാക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

Share Email
LATEST excelnclexrn
More Articles
Top