ജര്‍മ്മനിയില്‍ അപ്പാര്‍ട്‌മെന്റിനെ തീപിടിത്തം: മൂന്നു മലയാളികള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ജര്‍മ്മനിയില്‍ അപ്പാര്‍ട്‌മെന്റിനെ തീപിടിത്തം: മൂന്നു മലയാളികള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ബര്‍ലിന്‍: ജര്‍മ്മനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് യുവതികളടക്കം മൂന്ന് മലയാളികള്‍ മരിച്ചു. ഇടുക്കി ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശി നോവ സാബു (23), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്റ്റീന്‍ ജോണി (26) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന 41 വയസ്സുള്ള റൊമാനിയന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബോഹുമിലെ ഹോഫ്സ്റ്റഡെ മേഖലയിലെ ബഹുനില പാര്‍പ്പിട കെട്ടിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൂന്ന് മലയാളികളെയും അഗ്‌നിശമനസേനാംഗങ്ങള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുക ശ്വസിച്ച് പരിക്കേറ്റ അഞ്ചുപേരെ ബോഹുമിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കോണിപ്പടിയിലൂടെ തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഇതോടെ അപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവേശിക്കാനും മുകളിലത്തെ നിലകളിലെ താമസക്കാരുടെ അടുത്തെത്താനും അഗ്‌നിശമനസേനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു.

കട്ടപ്പന ശാന്തിഗ്രാം കൊച്ചേട്ടല്‍ കെ. പി. സാബു-പി. എന്‍. ജ്യോതി ദമ്പതികളുടെ മകളാണ് നോവ സാബു. ജര്‍മ്മനിയില്‍ ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ജൂലൈ മൂന്നിനാണ് അവിടേക്ക് പോയത്. പിതാവ് സാബു റിട്ടയേര്‍ഡ് എസ്.ഐയും മാതാവ് ജ്യോതി ചെമ്പകപ്പാറ പി.എച്ച്.സിയിലെ പബ്ലിക് ഹെല്‍ത്ത് നഴ്സുമാണ്. ബുധനാഴ്ച വൈകിട്ടാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ചെമ്മക്കാട് അശ്വതി നിവാസില്‍ ജോയിയുടെയും ഷീലാ ജോയിയുടെയും മകളാണ് അഞ്ജലി എസ്. ജോയ്. പിതാവ് കൃഷിവകുപ്പില്‍നിന്നും മാതാവ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റായും വിരമിച്ചവരാണ്. കഴിഞ്ഞ ജൂലൈയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് അഞ്ജലി ജര്‍മ്മനിയിലേക്ക് പോയത്. അശ്വനിയാണ് സഹോദരി.

തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Apartment fire in Germany: Three Malayalis dead; five injured.

Share Email
LATEST excelnclexrn
Top