മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ സാധിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ത്യാസഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു. എപ്പോഴും വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് സഖ്യത്തിലെ നേതാക്കൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. അതേസമയം, സുപ്രീംകോടതിയിലെ നിയമനടപടികൾ എന്താകുമെന്ന് അറിഞ്ഞ ശേഷം തുടർതീരുമാനങ്ങളിലേക്ക് കടക്കാമെന്ന നിലപാടിലാണ് ഇന്ത്യാസഖ്യ നേതാക്കൾ.
ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്ന് പ്രതിഷേധിക്കാൻ വിവിധ സംഘടനകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർമന്തർ വളയാൻ നീക്കമുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബർ 20 വരെ ഡൽഹിയിൽ കേന്ദ്രസേനകളുടെ സാന്നിധ്യം തുടരണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 273 കമ്പനി കേന്ദ്രസേന ഒക്ടോബർ 20 വരെ തലസ്ഥാനത്ത് തുടരും.
ഇതിനിടെ, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്നുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ സി.ജെ.പി. നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കോടതി ഉത്തരവിനെ തുടർന്ന് ഇവരെ ജയിലിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ കൂടുതൽ സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സുരക്ഷാസേനകൾ.



















