മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹി രാജാജിമാർഗിലെ വസതിക്ക് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ 250-ഓളം എം.പിമാരും പ്രമുഖ നേതാക്കളും പങ്കെടുത്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം.എ. ബേബി, ഡി. രാജ, ബൃന്ദ കാരാട്ട് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. വോട്ടർപട്ടികയിലെ അട്ടിമറിയും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമവിരുദ്ധ നടപടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനാണ് ഈ പ്രതിഷേധമെന്ന് നേതാക്കൾ വ്യക്തമാക്കി.
മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറായും സൗഗത റായ്, അവധേഷ് പ്രസാദ് എന്നിവർ ഡെപ്യൂട്ടി ഓഫീസർമാരായും കുറ്റവിചാരണ നടപടികൾ നിയന്ത്രിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടവകാശം അട്ടിമറിച്ച സംഭവത്തിൽ വിചാരണ നേരിടാതെ ഗ്യാനേഷ് കുമാറിന് മാറിനിൽക്കാനാവില്ലെന്ന് മീരാ കുമാർ പറഞ്ഞു. പാർലമെന്റിൽ നടക്കേണ്ട ചർച്ചകൾ തെരുവിൽ നടത്തേണ്ടിവരുന്നത് ഭരണകൂടത്തിന്റെ അരാജകത്വം മൂലമാണെന്നും ഈ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളിൽ മഹാറാലിയായി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം പ്രതിപക്ഷം വോട്ടെടുപ്പിലൂടെ പാസാക്കി. ബി.ജെ.പിയുടെ ആയുധമായി മാറി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ തുടരാമെന്ന് ഗ്യാനേഷ് കുമാർ കരുതേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട് മോഷണങ്ങൾ പുറത്തുകൊണ്ടുവന്നതായും ഖർഗെയും രാഹുൽ ഗാന്ധിയും ആരോപിച്ചു. തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട സാധാരണക്കാരും ടി.എം.സി എം.പി സാഗരിക ഘോഷും പ്രമേയത്തെ പിന്തുണച്ചു.
ബി.ജെ.പിയുമായി ചേർന്ന് 13 കോടിയോളം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതടക്കം 7 പ്രധാന കുറ്റങ്ങളാണ് കമ്മീഷണർക്കെതിരെ പ്രമേയത്തിൽ ഉന്നയിച്ചിട്ടുള്ളത്. പാർലമെന്റ് അറിയാതെ ഫോം 6-ൽ മാറ്റം വരുത്തുക, ഇ.സി.ഐ നെറ്റ് സംവിധാനം ദുരുപയോഗം ചെയ്യുക, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുക എന്നിവയാണ് മറ്റ് പ്രധാന ആരോപണങ്ങൾ. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായി പ്രവർത്തിച്ച ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് ശേഷം ദേശീയഗാനത്തോടെയാണ് നടപടികൾ അവസാനിച്ചത്.



















