തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൊലപാതകം പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് മേൽക്കോടതിയാണെന്ന പ്രോസിക്യൂഷന്റെ നിലപാടും കോടതി ശരിവെച്ചു. താൻ തികച്ചും നിരപരാധിയാണെന്നും കേസിൽ മനഃപൂർവം കുടുക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു.
കോടികൾ വിലമതിക്കുന്ന തറവാട്ടുസ്വത്തുക്കൾ തട്ടിയെടുക്കാൻ പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
കേരളത്തെ നടുക്കിയ കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര പുറത്തുവന്നതിനു പിന്നാലെയാണ് തലസ്ഥാനത്തെ കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങളിലും ബന്ധുക്കൾ സംശയമുന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ 15 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേരാണ് ദുരൂഹസാഹചര്യങ്ങളിൽ മരിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, 2017-ൽ നടന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



















