മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിൽ സർക്കാർ അനാവശ്യ ധൃതിയോ തിടുക്കമോ കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോടതി ഉത്തരവ് പ്രകാരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി അടിയന്തരമായി എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയാണ് സർക്കാർ മുന്നോട്ടുപോയത്. സുപ്രീം കോടതി വിധികൾ കർശനമായി പാലിച്ചുകൊണ്ട് കേസെടുക്കാനാണ് തീരുമാനമെന്നും മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ കേസായതിനാലാണ് ഭരണകൂടം നടപടികളിൽ പൂർണ്ണ വ്യക്തത വരുത്തിയതെന്നും തിരുവനന്തപുരത്ത് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മാസപ്പടി ഇടപാടിൽ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നൽകിയ നിർണായക ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മാസപ്പടി കേസിൽ വ്യക്തമായ തെളിവുകളുണ്ടായിട്ടും നേരിട്ട് കേസെടുക്കുന്നതിന് പകരം പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി എസ്.ഐ.ടിയെ റദ്ദാക്കിയിരുന്നു.
ഇ.ഡി ഡി.ജി.പിക്ക് കൈമാറിയ വിവരങ്ങളും എസ്.ഐ.ടിയുടെ പക്കലുള്ള രേഖകളും അടിയന്തരമായി വിജിലൻസിന് കൈമാറണമെന്നും കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുദ്രവെച്ച കവറിൽ ഇ.ഡി സമർപ്പിച്ച അന്വേഷണ കണ്ടെത്തലുകൾ പരിഗണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവിലേക്ക് എത്തിയത്. ഇതോടെ മാസപ്പടി അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രതിപ്പട്ടികയിൽ വരും.

















