ഫ്‌ളോറിഡ: സര്‍ക്കാര്‍ പദവിയും പണവും ദുരുപയോഗം ചെയ്ത് 40 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ സ്വന്തമാക്കിയതിലും ഫ്‌ളോറിഡയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിയെന്ന കേസിലും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയിലെ മുന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡേവിഡ് ജെ. റഷ് കുറ്റസമ്മതം നടത്തി.വിര്‍ജീനിയന്‍ കോടതിയില്‍ ഇന്നലെയാണ് ഡേവിഡ് റഷ് കുറ്റസമ്മതം നടത്തിയത്. തെക്കന്‍ ഫ്‌ലോറിഡയില്‍ ആഡംബര വസ്തുവകകള്‍ വാങ്ങി പിന്നീട് വ്യക്തിഗത ലാഭത്തിനായി വില്‍ക്കുന്നതിനായി അതീവ രഹസ്യ സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ വ്യാജ പദ്ധതി ഉണ്ടാക്കിയതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
സ്വര്‍ണക്കട്ടികള്‍ സ്വന്തമാക്കുന്നതിനായി റഷ് മറ്റൊരു വ്യാജ സെന്‍സിറ്റീവ് സര്‍ക്കാര്‍ പ്രവര്‍ത്തനംസൃഷ്ടിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. വ്യാജ പദ്ധതിക്ക് ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെന്ന് സഹപ്രവര്‍ത്തകരെയും സര്‍ക്കാര്‍ കരാറുകാരെയും വിശ്വസിപ്പിക്കുന്നതിനായി റഷ് കള്ളം പറഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. സ്വന്തം സര്‍ക്കാര്‍ പദവിയും കെട്ടിച്ചമച്ച വ്യക്തിഗത യോഗ്യതകളും ഉപയോഗിച്ച് താന്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ വിശ്വാസം ജനിപ്പിക്കുകയായിരുന്നു റഷിന്റെ ലക്ഷ്യമെന്ന് കോടതി രേഖയില്‍ പറയുന്നു. റഷിന്റെ തട്ടിപ്പ് മൂലം ഫെഡറല്‍ സര്‍ക്കാരിന് ആകെ ഏകദേശം 194 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് വ്യക്തമാക്കി.
വിര്‍ജീനിയയിലെ ആഷ്‌ബേണ്‍ സ്വദേശിയായ 49കാരനായ റഷിന് അലക്‌സാണ്ട്രിയയിലെ ജില്ലാ ജഡ്ജി മൈക്കല്‍ നാച്മാനോഫ് ജനുവരി 28ന് റഷിന് ശിക്ഷ വിധിക്കും. അടുത്തിടെ സര്‍ക്കാര്‍ കരാറില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ തട്ടിപ്പായി കൈമാറാന്‍ റഷ് ശ്രമിച്ചതായും കോടതി രേഖകള്‍ പറയുന്നു. തുടര്‍ന്ന് തന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച ഒരു ഹോള്‍ഡിംഗ് കമ്പനിക്ക് ഏകദേശം 145 മില്യണ്‍ ഡോളര്‍ കൈമാറാന്‍ മറ്റൊരാളെ നിര്‍ദേശിക്കുകയും, ആ പണം ഉപയോഗിച്ച് ഫ്‌ലോറിഡയിലെ പാം ബീച്ചിലും ഹോബ് സൗണ്ടിലുമായി നാല് ആഡംബര വസ്തുവകകള്‍ വാങ്ങുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പുറമെ ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് ഏകദേശം 46 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍ റഷ് വിര്‍ജീനിയയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
റഷിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഏകദേശം 300 സ്വര്‍ണക്കട്ടികളും രണ്ടു മില്യണ്‍ ഡോളര്‍ അമേരിക്കന്‍ കറന്‍സിയും 35 ഓളം ആഡംബര വാച്ചുകളും കണ്ടെത്തിയതായി എഫ്ബിഐ ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. 2015ല്‍ യുഎസ് നാവികസേനയില്‍ നിന്ന് വിരമിച്ചതിന് ശേഷവും സൈനിക അവധിയുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം വ്യാജമായി കൈപ്പറ്റിയെന്നും റഷിനെതിരെ ആരോപണമുണ്ട്. .ഫെഡറല്‍ ജീവനക്കാര്‍ അമേരിക്കന്‍ ജനങ്ങളെ സേവിക്കാനാണ് ചുമതലപ്പെട്ടിരിക്കുന്നത്, സ്വയം സേവിക്കാനല്ല,” യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെ പറഞ്ഞു.
റഷ് തന്റെ വിദ്യാഭ്യാസവും സൈനിക പശ്ചാത്തലവും സംബന്ധിച്ചും വ്യാജ വിവരങ്ങള്‍ നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. താന്‍ മുന്‍ നേവി പൈലറ്റാണെന്നും സൗത്ത് കരോലിനയിലെ ക്ലെംസണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ന്യൂയോര്‍ക്കിലെ റന്‍സ്ലെയര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നും ജോലി അപേക്ഷകളില്‍ റഷ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം നേവി പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടില്ലെന്നും ഈ രണ്ട് സര്‍വകലാശാലകളിലും പഠിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 1997ല്‍ യുഎസ് നാവികസേനയില്‍ ചേര്‍ന്ന റഷ് 2015ല്‍ ലെഫ്റ്റനന്റ് പദവിയില്‍ നിന്ന് യുഎസ് നേവി റിസര്‍വില്‍ നിന്ന് വിരമിച്ചതായി എഫ്ബിഐ രേഖകള്‍ പറയുന്നു. അതേസമയം, സ്വര്‍ണക്കട്ടികള്‍ നിയമപരമായി സ്വന്തമാക്കിയതാണെന്നും അവ സുരക്ഷിതമായി വീട്ടിലെ സേഫില്‍ സൂക്ഷിച്ചിരുന്നുവെന്നും റഷിന്റെ അഭിഭാഷക ജെസിക്ക കാര്‍മൈക്കല്‍ നേരത്തെ വാദിച്ചിരുന്നു. സ്വര്‍ണക്കട്ടികള്‍ തന്റേതാണെന്ന് റഷ് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
Former CIA officer confesses to stealing gold bars worth $40 million.


















