ഒറിഗണില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു: യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

ഒറിഗണില്‍  ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു: യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

വാഷിംഗടണ്‍: ഒറിഗണ്‍ സംസ്ഥാനത്ത് വിമാനത്താവളത്തിന് സമീപം ആകാശത്ത് ് രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്ചയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. മക്മിന്‍വില്‍ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

യാംഹില്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് നല്‍കുന്ന വിവരമനുസരിച്ച് വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14-ഓടെയാണ് അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രം ഉണ്ടായിരുന്ന റോബിന്‍സണ്‍ R22 ഹെലികോപ്റ്ററും രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന എയര്‍ബസ് H125 ഹെലികോപ്റ്ററുമാണ് ആകാശത്തുവെച്ച് കൂട്ടിയിടിച്ചത്. അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രാദേശിക പൊലീസ്, അഗ്‌നിരക്ഷാസേന, മെഡിക്കല്‍ സംഘം എന്നിവര്‍ സ്ഥലത്തെത്തി. എന്നാല്‍ രണ്ട് ഹെലികോപ്റ്ററുകളിലായി ഉണ്ടായിരുന്ന മൂന്ന് പേരുടെയും ആരോഗ്യനിലയെക്കുറിച്ച് നിലവില്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് യാംഹില്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള റോഡുകള്‍ താല്‍ക്കാലികമായി അടച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനുമായും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡുമായും (NTSB) അധികൃതര്‍ ബന്ധപ്പെടുന്നുണ്ട്. അപകടത്തിന്റെ ഔദ്യോഗിക അന്വേഷണം എന്‍ടിഎസ്ബിയുടെ നേതൃത്വത്തിലായിരിക്കുമെന്ന് എഫ്എഎ വ്യക്തമാക്കി.

ഹെലികോപ്റ്ററുകള്‍ എങ്ങനെ കൂട്ടിയിടിച്ചുവെന്നും അപകടത്തിന് പിന്നില്‍ സാങ്കേതിക തകരാറുകളോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്നും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ ആരോഗ്യനിലയും മറ്റ് വിശദാംശങ്ങളും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്കായി അധികൃതര്‍ കാത്തിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വാര്‍ത്ത പുതുക്കുന്നതാണ്.

Helicopters collide in Oregon; rescue operations underway; details regarding passengers have not been released.

Share Email
LATEST excelnclexrn
Top