തിരുവനന്തപുരം:ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയുമായി സർക്കാർ. എക്സൈസ് കമ്മീഷണർക്ക് ശുപാർശ കൈമാറിയ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ ചുമതലയിൽ നിന്ന് മാറ്റുകയും പകരം വി. സുഭാഷിനെ നിയമിക്കുകയും ചെയ്തു. വൻ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ ബേക്കറികൾ വഴിയുള്ള വൈൻ വിൽപ്പനാനുമതി പൂർണ്ണമായും റദ്ദാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവേ, വിഷയം മന്ത്രിയെ അറിയിക്കാതെ തീരുമാനമെടുത്തതിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം. ലിജുവും കടുത്ത അമർഷം രേഖപ്പെടുത്തി. സാങ്കേതികമായി ഫയൽ മന്ത്രിയുടെ മുന്നിൽ വരേണ്ടതില്ലെങ്കിലും നയപരമായ ഇത്തരം കാര്യങ്ങൾ അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് തേടിയ സർക്കാർ, മുൻ ഇടത് സർക്കാരിൻ്റെ നിയമഭേദഗതികളെക്കുറിച്ച് നിയമോപദേശം തേടാനും നിർദ്ദേശം നൽകി.
മുൻ ഇടത് സർക്കാരിന്റെ (2022-23) മദ്യനയ പ്രകാരമാണ് പഴവർഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർട്ടി വൈൻ വിൽപ്പനയ്ക്കായി ‘സ്മോൾ സ്കെയിൽ വൈനറി റൂൾസ്’ രൂപീകരിച്ചത്. തുടർന്ന് ബെവ്കോയ്ക്ക് പുറമെ നിശ്ചിത വിസ്തീർണ്ണമുള്ള കടകൾക്കും ലൈസൻസ് നൽകാൻ ചട്ടഭേദഗതി വരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടിയിലെ എം.ആർ.സി ബേക്കറി നൽകിയ അപേക്ഷ ഉദ്യോഗസ്ഥ തലത്തിൽ അംഗീകരിക്കുകയായിരുന്നു. നിലവിലെ ലൈസൻസ് നടപടികൾ പൂർണ്ണമായും നിയമപ്രകാരമാണെന്ന് എക്സൈസ് കമ്മീഷണറേറ്റ് നിലപാടെടുക്കുമ്പോൾ, ഉദ്യോഗസ്ഥരുടെ നീക്കം സർക്കാരിനെ രാഷ്ട്രീയമായി കുരുക്കിലാക്കിയിരിക്കുകയാണ്.



















