മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ഇ.വി.എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകി. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയ എം.പിമാരെ പോലീസ് തടഞ്ഞതിന് ശേഷമായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, തൃണമൂൽ അധ്യക്ഷ മമതാ ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ഒമർ അബ്ദുള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ജനാധിപത്യത്തെ തകർക്കുകയാണെന്നും ഗ്യാനേഷ് കുമാറിന് കീഴിൽ ക്രമക്കേടുകളാണ് നടക്കുന്നതെന്നും നേതാക്കൾ രാഷ്ട്രപതിയെ അറിയിച്ചു.
മൈക്രോ ഒബ്‌സർവർമാരുടെയും ഇ.വി.എമ്മിന്റെയും മറവിൽ നടക്കുന്ന ‘വോട്ട് ചോരി’ ആരോപണങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചതായി മല്ലികാർജുൻ ഖർഗെ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോർട്ട് തേടണമെന്ന് മമതാ ബാനർജി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ പ്രതികരണം പോസിറ്റീവായിരുന്നുവെന്നും വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായും ജനങ്ങളുടെ യഥാർത്ഥ വികാരം അറിയിക്കാൻ സാധിച്ചതായും നേതാക്കൾ വ്യക്തമാക്കി.
പ്രധാനമന്ത്രിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്നുള്ള ഗൂഢാലോചന ചൂണ്ടിക്കാട്ടിയുള്ള മെമ്മോറാണ്ടം നൽകിയപ്പോൾ രാഷ്ട്രപതി ആരോപണങ്ങളൊന്നും നിഷേധിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് ചോരി ആരോപണം നിഷേധിക്കാതിരുന്ന രാഷ്ട്രപതിയുടെ നിലപാട് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പോരാട്ടം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. തിങ്കളാഴ്ച പ്രതിഷേധം തുടരുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നൽകുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

















