മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ മാറ്റിവെച്ചതിനെ ചൊല്ലി വലിയ രാഷ്ട്രീയ പോര്. ഡൽഹിയിലെ കനത്ത മഴ മൂലം നേതാക്കൾക്ക് ദീർഘനേരം പുറത്ത് നിൽക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പ്രതിഷേധം മാറ്റിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പുതിയ തീരുമാനപ്രകാരം നാളെ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എന്നാൽ, കാലാവസ്ഥയല്ല മറിച്ച് മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയും അഭിപ്രായവ്യത്യാസങ്ങളുമാണ് പരിപാടി മാറ്റാൻ കാരണമെന്ന് ബി.ജെ.പി പരിഹസിച്ചു. മുൻകൂട്ടി നിശ്ചയിച്ച പല നേതാക്കളും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സഖ്യം പിന്മാറിയതെന്ന് ബി.ജെ.പി ദേശീയ വക്താവ് സാംപിത് പത്ര ആരോപിച്ചു. വലിയ തോതിൽ പ്രചാരണം നടത്തിയിട്ടും തുറന്ന വേദിയിൽ ഒരു മേൽക്കൂര പോലും ഒരുക്കാൻ നേതാക്കൾക്ക് കഴിഞ്ഞില്ലേ എന്ന തരത്തിലുള്ള ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിലും ഉയരുന്നുണ്ട്.
അതേസമയം, നാളെ നടക്കുന്ന പ്രതീകാത്മക പരസ്യ വിചാരണയിൽ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിക്കും. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം മല്ലികാർജുൻ ഖർഗെ അവതരിപ്പിക്കും. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ വോട്ടവകാശം നഷ്ടപ്പെട്ടവരുടെ അനുഭവങ്ങളും സഖ്യനേതാക്കളുടെ പ്രസംഗങ്ങളും ഉണ്ടാകും. തുടർന്ന് രാഹുൽ ഗാന്ധിയുടെ മറുപടി പ്രസംഗത്തിന് ശേഷം ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി സ്പീക്കർ പ്രഖ്യാപിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.



















