വാഷിംഗടണ്‍: ഇറാന്‍- അമേരിക്ക യുദ്ധം അവസാനിപ്പിക്കാനും ആഗോള ഊര്‍ജ ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാന്‍ ആണവ ഇന്ധന സമ്പുഷ്ടീകരണ ശേഷിയില്‍ വന്‍ കുറവ് വരുത്തണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. റോയിട്ടേഴ്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാന്‍സ് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ഏഴ് മാസമായി തുടരുന്ന അമേരിക്ക-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഭാവിയില്‍ ആണവ ശേഷി കുറയ്ക്കാമെന്ന ഉറപ്പ് നല്‍കുന്നതിന് പകരം നിലവിലെ സമ്പുഷ്ടീകരണ ശേഷിയില്‍ തന്നെ വ്യക്തമായ കുറവ് വരുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഇറാന്‍-അമേരിക്ക സംംഘര്‍ഷം പരിഹരിക്കുനന്തിനായുളള ചര്‍ച്ചകളില്‍ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ് വാന്‍സ്. സെപ്റ്റംബറില്‍ താല്‍ക്കാലിക സമാധാന കരാര്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം ഇടപെട്ടിരുന്നു. എന്നാല്‍ ആ കരാര്‍ അധികം വൈകാതെ തകര്‍ന്നു. യുദ്ധം ആഗോള ഊര്‍ജ വിപണിയെ വലിയ രീതിയില്‍ ബാധിക്കുകയും നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും രാഷ്ട്രീയ വെല്ലുവിളിയായി മാറുകയും ചെയ്തു. ആണവായുധം നിര്‍മ്മിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇന്ധനം എന്തിനാണ് ആവശ്യമെന്നും ആണവായുധം നിര്‍മ്മിക്കില്ലെന്ന പ്രതിബദ്ധത തെളിയിക്കണമെങ്കില്‍ സമ്പുഷ്ടീകരിച്ച ഇന്ധനം നിര്‍മ്മിക്കരുതെന്നും വാന്‍സ് പറഞ്ഞു.
അമേരിക്കയുമായി കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആണവ സമ്പുഷ്ടീകരണ ശേഷിയില്‍ യഥാര്‍ത്ഥവും അര്‍ഥവത്തുമായ മാറ്റം വരുത്തണം.വാക്കുകള്‍ക്ക് പകരം പ്രവര്‍ത്തനങ്ങള്‍ വേണമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇറാനില്‍ യഥാര്‍ഥത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും വാന്‍സ് പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായും അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിനു ശേഷം ഇറാനിലെ അധികാര ഘടനയില്‍ ഇവര്‍ക്ക് എത്രത്തോളം തീരുമാനാധികാരമുണ്ടെന്നത് വ്യക്തമല്ലെന്നാണ് വാന്‍സിന്റെ വാദം.
അതേസമയം, ഇറാന്റെ തീരുമാനമെടുക്കുന്ന സംവിധാനത്തെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടെന്നും പ്രശ്‌നം മറിച്ചാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി പറഞ്ഞു. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പരസ്പരവിരുദ്ധമായ നിലപാടുകളും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളുമാണ് യഥാര്‍ഥ പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കി. കരയിലെ യുദ്ധസാഹചര്യം വിലയിരുത്തുന്നതിനായി സൈനിക കമാന്‍ഡര്‍മാരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും വാന്‍സ് പറഞ്ഞു.
Iran must reduce uranium enrichment to end the war: J.D. Vance


















