Caritas hospital

വധശിക്ഷാ ശ്രമം പരാജയപ്പെട്ട് ചികിത്സയിലായിരുന്ന കിസ്റ്റ പൈക്കിന് ബോധം വീണു

വധശിക്ഷാ ശ്രമം പരാജയപ്പെട്ട് ചികിത്സയിലായിരുന്ന കിസ്റ്റ പൈക്കിന് ബോധം വീണു

ടെന്നസി: യുഎസിലെ ടെന്നസിയില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചതിനു പിന്നാലെ അത്യാസന്ന നിലയിലായ യുവതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.വധശിക്ഷാ ശ്രമത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ക്രിസ്റ്റ പൈക്കിന് ബോധം വീണതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30ന് നാഷ്വില്ലില്‍ വധശിക്ഷ നടപ്പാക്കുന്നതിനിടെ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റല്‍ നല്‍കിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പൈക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും താല്‍ക്കാലികമായി വെന്റിലേറ്ററിന്റെ സഹായം നല്‍കുകയും ചെയ്തിരുന്നു. 50കാരിയായ പൈക്കിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും പൂര്‍ണമായി സുഖപ്പെടാന്‍ ഏറെ സമയം വേണ്ടിവരുമെന്നും അഭിഭാഷകര്‍ പറഞ്ഞു.

രണ്ട് ഡോസ് മാരക മരുന്ന് നല്‍കിയിട്ടും ജീവനോടെ രക്ഷപ്പെട്ട പൈക്ക് ഇപ്പോഴും ചികിത്സയിലാണ്. കൈകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിലെ കിടക്കയില്‍ കൈവിലങ്ങോടെയാണ് കഴിയുന്നതെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. പൈക്കിനെ മനുഷ്യനെന്ന നിലയില്‍ പരിഗണിച്ച് മികച്ച ചികിത്സ നല്‍കിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചതായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രാര്‍ഥനകളും പിന്തുണയും അറിയിച്ച ആയിരക്കണക്കിന് ആളുകള്‍ക്കും നന്ദിയുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു. ടെന്നസിയിലെ മരണശിക്ഷാ പട്ടികയിലുള്ള ഏക വനിതയാണ് ക്രിസ്റ്റ പൈക്ക്.

1995ല്‍ 19കാരിയായ കോളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. അവസാന നിമിഷം വരെ നടന്ന നിരവധി നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് മരുന്ന് കുത്തിവച്ച് വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെന്റോബാര്‍ബിറ്റല്‍ കുത്തിവയ്ക്കുന്നതിനിടെ പൈക്ക് വേദനയില്‍ കരയുകയും ഞരങ്ങുകയും ശക്തമായി ശ്വസിക്കുകയും ചെയ്തതായി അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഒരു ഘട്ടത്തില്‍ തന്റെ കൈ പൊട്ടിത്തെറിക്കാനിരിക്കുന്നതുപോലെ തോന്നുന്നുവെന്നും പൈക്ക് പറഞ്ഞതായി രേഖകളില്‍ വ്യക്തമാക്കുന്നു.ഐവി സ്ഥാപിക്കാന്‍ കുറഞ്ഞത് ഏഴ് സൂചികള്‍ ഉപയോഗിച്ചെന്നും അതിലൊന്ന് പുറത്തെടുക്കുമ്പോള്‍ 90 ഡിഗ്രി വളഞ്ഞ നിലയിലായിരുന്നുവെന്നും അഭിഭാഷകര്‍ ആരോപിച്ചു.

പെന്റോബാര്‍ബിറ്റല്‍ ശരീരത്തില്‍ സമ്പര്‍ക്കപ്പെടുമ്പോള്‍ പൊള്ളലുണ്ടാക്കാന്‍ സാധ്യതയുള്ള ശക്തമായ രാസസ്വഭാവമുള്ള മരുന്നാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയിലെത്തുമ്പോള്‍ പൈക്കിന്റെ ഇരു കൈകളും വീര്‍ത്തും പൊള്ളലേറ്റും കുമിളകളുണ്ടായ നിലയിലുമായിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലുള്ളത്. വധശിക്ഷയ്ക്ക് മുമ്പ് തന്നെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പൈക്ക് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് സംബന്ധമായ അസാധാരണാവസ്ഥ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, ചെറിയ ഞരമ്പുകള്‍ എന്നിവ കാരണം വധശിക്ഷയ്ക്കിടെ അധികവും അനാവശ്യവുമായ വേദനയും ദുരിതവും അനുഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് അവര്‍ വാദിച്ചിരുന്നു.മാരക കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയയാക്കിയ ശേഷം ജീവനോടെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് പൈക്കെന്ന് ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.

Kista Pike, who was undergoing treatment after a failed execution attempt, has regained consciousness.

Share Email
Top