കിഫ്ബിയിൽ വൻ ക്രമക്കേട്: വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘സമഗ്രാന്വേഷണം പരിഗണനയിൽ’

കിഫ്ബിയിൽ വൻ ക്രമക്കേട്: വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ‘സമഗ്രാന്വേഷണം പരിഗണനയിൽ’

തിരുവനന്തപുരം: കിഫ്ബി പ്രവർത്തനങ്ങളിൽ വൻ ക്രമക്കേടുകൾ നടന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ധനവകുപ്പിനെ നോക്കുകുത്തിയാക്കി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ച കിഫ്ബി സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിദഗ്ധ സമിതിയുടെ അവലോകന റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മസാല ബോണ്ടിലൂടെ 181.73 കോടിയുടെ നഷ്ടമുണ്ടായി. സർക്കാർ നൽകിയ തുകയുടെ 99.4 ശതമാനവും വായ്പ തിരിച്ചടവിനാണ് ഉപയോഗിച്ചത്. പരസ്യത്തിനായി 203.72 കോടി രൂപ ധൂർത്തടിച്ചെന്നും, അനുമതിയില്ലാതെ 498 നിയമനങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂർ ജില്ലയിൽ 1000 ഏക്കറടക്കം കിൻഫ്ര വഴി വൻതോതിൽ ഭൂമി ഏറ്റെടുത്തതിൽ വലിയ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരും പാലക്കാടുമായി 5366 ഏക്കർ ഏറ്റെടുക്കാൻ അംഗീകാരം നൽകിയെങ്കിലും കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വ്യവസായ പാർക്കിനായി ഉപയോഗിച്ചത് വെറും 50 ഏക്കർ മാത്രമാണ്. യഥാർത്ഥ വിലയുടെ അഞ്ചിരട്ടി നൽകിയാണ് ഭൂമി വാങ്ങിയത്. കിഫ്ബി പദ്ധതികളുടെ 52.9 ശതമാനവും കണ്ണൂർ ജില്ലയിൽ മാത്രമായി കേന്ദ്രീകരിച്ച് കടുത്ത വിവേചനമാണ് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിഫ്ബി വഴി ആകെ 13,103 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായിട്ടുള്ളത്. കൺസൾട്ടൻസി ഫീസ് നൽകിയതിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ടിൽ യാതൊരു രാഷ്ട്രീയവുമില്ലെന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം സർക്കാരിന്റെ പരിഗണനയിലാണെന്നും ഏത് രീതിയിൽ മുന്നോട്ടുപോകണമെന്ന് പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
Top