മീനങ്ങാടി സ്‌കൂൾ വിനോദയാത്രാ വിവാദത്തിൽ വഴിത്തിരിവ്: പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധനാ ഫലം; നടന്നത് രാഷ്ട്രീയ ആസൂത്രിത നീക്കമെന്ന് ഷിവി കൃഷ്ണൻ

മീനങ്ങാടി സ്‌കൂൾ വിനോദയാത്രാ വിവാദത്തിൽ വഴിത്തിരിവ്: പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധനാ ഫലം; നടന്നത് രാഷ്ട്രീയ ആസൂത്രിത നീക്കമെന്ന് ഷിവി കൃഷ്ണൻ

വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തിൽ നിർണായക വഴിത്തിരിവ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തപരിശോധനാ ഫലം നെഗറ്റീവായി പുറത്തുവന്നതോടെ അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് ഔദ്യോഗികമായി വ്യക്തമായി. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് പോലീസും അധികൃതരും പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാൽ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്നും തെറ്റായ ദൃശ്യങ്ങൾ പകർത്തിയത് ആരെന്നറിയില്ലെന്നും വ്യക്തമാക്കി വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തി.

ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസങ്ങളാണ് നേരിടേണ്ടി വന്നതെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി ഒരാളെ വ്യാജ ആരോപണത്തിലൂടെ മാനസികമായി തകർക്കാമെന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പൊലീസിൽ പരാതികളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, തന്റെ നിരപരാധിത്വവും സത്യസന്ധതയും തെളിയിക്കുന്നതിനാണ് സ്വമേധയാ പരിശോധനയ്ക്ക് തയ്യാറായതെന്ന് അദ്ദേഹം വ്യക്തമാക്കി. അപക്വമായി പെരുമാറിയ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നതെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

സ്‌കൂളിലെ പി.ടി.എ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളാണ് തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തിന് പിന്നിലെന്നും പ്രതിഷേധത്തിനെത്തിയവരിൽ ഭൂരിഭാഗവും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ നിർബന്ധപ്രകാരമാണ് തന്നോട് യൂറിൻ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടതെന്നും ഷിവി കൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ നടന്ന ആസൂത്രിത നീക്കങ്ങൾക്കും വ്യക്തിഹത്യക്കും എതിരെ വരുംദിവസങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Share Email
LATEST excelnclexrn
Top