തിരുവനന്തപുരം: ഫുട്ബോൾ താരം ലിയോണൽ മെസിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക ക്രമക്കേടിൽ മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്തുന്നതിന് ഗവർണറുടെ അനുമതി തേടി. ഇതുസംബന്ധിച്ച ഔദ്യോഗിക ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലേക്ക് (ലോക് ഭവൻ) കൈമാറി.
കേസിലെ മറ്റ് പ്രധാന ആരോപണവിധേയരായ മുൻ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി (പി.എ) സത്യപാലൻ, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തുന്നതിന് ആഭ്യന്തര വകുപ്പ് സർക്കാരിന്റെ അനുമതി നൽകിയിട്ടുണ്ട്.
വഞ്ചനാക്കുറ്റത്തിനും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിനും പുറമെ, പൊതുപണം ദുരുപയോഗം ചെയ്തതിനും വഴിവിട്ട ഇടപെടലുകൾ നടത്തിയതിനും അഴിമതി നിരോധന നിയമപ്രകാരം (Prevention of Corruption Act) അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ശുപാർശ ചെയ്തിരുന്നു. കായിക വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ധനകാര്യ വകുപ്പിനെയും പൂർണ്ണമായി ഇരുട്ടിൽ നിർത്തി മുൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് വിദേശ ഏജൻസികളുമായും സ്പോൺസർമാരുമായും ആശയവിനിമയം നടത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടുനൽകിയതിലും മറ്റ് അനുമതികൾ നൽകിയതിലും മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെടലുകൾ നടത്തിയതായി കണ്ടെത്തലുണ്ട്.
കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുകളി നടക്കുന്നുണ്ടെന്നുമുള്ള ശക്തമായ രാഷ്ട്രീയ ആരോപണങ്ങൾക്കിടെയാണ് ഇപ്പോൾ നിർണായക നീക്കം ഉണ്ടായിരിക്കുന്നത്. ക്രമക്കേടുകൾ വ്യക്തമായിട്ടും മുൻ മന്ത്രിക്കെതിരെയുള്ള വിജിലൻസ് അനുമതി ഫയൽ രാജ്ഭവനിലേക്ക് അയക്കാൻ കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
മുൻ കായിക മന്ത്രി ജനപ്രതിനിധിയായിരുന്നതിനാൽ അദ്ദേഹത്തിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഗവർണറുടെ മുൻകൂറ അനുമതി അത്യാവശ്യമാണ്. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ച് വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.



















