കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ നാളെ (ശനി) വൈകീട്ട് 5 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.
കേസിൽ കൂടുതൽ തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകൾക്കുമായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.കാറോടിച്ച മുഖ്യപ്രതി സുഹൈൽ സജീവ്, കൂടെയുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരാണ് വീണ്ടും കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി പൂർണ്ണമായും തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണസംഘം അങ്കമാലി കോടതിയെ സമീപിച്ച് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. വാഹനത്തിന്റെ ഇ.ഡി.ആർ (Event Data Recorder) പരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക വിവരശേഖരണം നിലവിൽ തുടരുകയാണ്.മൂന്ന് പേരുടെ ജീവനെടുത്ത ക്രൂരമായ അപകടത്തിൽ പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വരും മണിക്കൂറുകളിൽ അപകടസ്ഥലത്തും പ്രതികൾ സന്ദർശിച്ച ബാറുകളിലും എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. കേസിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ കസ്റ്റഡി കാലാവധി നിർണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.


















