ടെല്‍ അവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 61 സീറ്റുകള്‍ ഒരുസഖ്യത്തിനും കിട്ടില്ലെന്ന് ഉറപ്പായി. 85.6 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടി 53 സീറ്റുകളില്‍ മുന്നില്‍, മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടി 48 സീറ്റുകളിലും അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളിലും വിജയിച്ചു.
നെതന്യാഹുവിന്റെ സഖ്യത്തിന് ഇപ്പോഴും 8 സീറ്റുകളുടെ കുറവുണ്ട്. പ്രധാനപ്പെട്ട രണ്ട് പക്ഷങ്ങള്‍ക്കും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകളില്ലാത്ത സാഹചര്യത്തില്‍ അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടി 50 സീറ്റും മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ യഷാര്‍ പാര്‍ട്ടി 52 സീറ്റും നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം പറയുന്നത്. എന്നാല്‍ നിലവിലെ ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായിട്ടില്ല. എന്നാല്‍ അറബ് പാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്.
ഒരു നേതാവിനും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേല്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കാം. ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ ദൈനംദിന ഭരണകാര്യങ്ങള്‍ മേല്‍നോട്ടം വഹിച്ചുകൊണ്ട് ബെഞ്ചമിന്‍ നെതന്യാഹു താല്‍ക്കാലിക പ്രധാനമന്ത്രിയായി തുടരും. ഭൂരിപക്ഷം തികയ്ക്കുന്നതിനായി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അറബ് പാര്‍ട്ടികളുമായി ഒന്നിക്കണമെന്ന് ഡെമോക്രാറ്റ്‌സ് നേതാവ് യായീര്‍ ഗോലാന്‍ ആഹ്വാനം ചെയ്തു.



















