വാഷിങ്ടണ്‍: ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്നതിനിടെ വിപണിയില്‍ 10 കോടി ബാരല്‍ എണ്ണയും ഇന്ധന ഉല്‍പ്പന്നങ്ങളും എത്തിക്കാന്‍ ജി7 രാജ്യങ്ങളുടെ തീരുമാനം. വരും ആഴ്ചകള്‍ക്കുള്ളില്‍ വന്‍തോതില്‍ ഡീസല്‍ വിപണിയിലെത്തിക്കാനാണ് നീക്കം. അമേരിക്കയില്‍ ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് അടിയന്തര നടപടി. ആദ്യഘട്ടത്തില്‍ വലിയ അളവില്‍ ഡീസല്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നും ശേഷിക്കുന്ന ഇന്ധനം നാല് മാസത്തിനുള്ളില്‍ ലഭ്യമാക്കുമെന്നും ജി 7 അറിയിച്ചു.
കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ജി7. നിലവില്‍ ജി7 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഫ്രാന്‍സാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അധ്യക്ഷത വഹിച്ച വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് പ്രഖ്യാപനം. ഇന്ധനവിപണിയില്‍ ലഭ്യത വര്‍ധിപ്പിച്ച് വില കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മാക്രോണ്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച അമേരിക്കയില്‍ ഒരു ഗാലന്‍ ഡീസലിന്റെ ശരാശരി വില6.37 ഡോളറിലെത്തി. സെപ്റ്റംബര്‍ 22ന് 6.52 ഡോളറിലെത്തിയിരുന്നു. യൂറോപ്പിലും ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലാണ്. റഷ്യന്‍ റിഫൈനറികള്‍ക്കെതിരായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് റഷ്യ ഇന്ധന കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇന്ധന കയറ്റുമതി യുദ്ധവും ഗതാഗത തടസ്സങ്ങളും മൂലം കുറഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളില്‍ ചിലത്.
അമേരിക്കന്‍ ഡീസല്‍ കയറ്റുമതി നിരോധിക്കണമെന്ന ആവശ്യം ചില റിപ്പബ്ലിക്കന്‍ നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും അത്തരമൊരു നടപടി സ്വീകരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പകരം ജി7 രാജ്യങ്ങളുടെ സംയുക്ത നീക്കത്തിലൂടെയാണ് വില നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. യൂറോപ്പില്‍ കൂടുതല്‍ ഡീസല്‍ ലഭ്യമാകുന്നതോടെ അമേരിക്കയില്‍ നിന്നുള്ള കയറ്റുമതി കുറയുകയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യുഎസിലെ ഡീസല്‍ വില ഗാലന് 25 മുതല്‍ 50 സെന്റ് വരെ താഴാന്‍ സാധ്യതയുണ്ടെന്നും ഊര്‍ജ വിപണി വിദഗ്ധന്‍ മൈക്കല്‍ ലിഞ്ച് പറഞ്ഞു.
അതേസമയം, തന്ത്രപ്രധാന ഇന്ധന ശേഖരം ഇത്രയും വേഗത്തില്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലത്ത് തിരിച്ചടിയാകാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. അടിയന്തര ശേഖരം കുറയുന്നതോടെ ഭാവിയില്‍ വീണ്ടും ശേഖരം നിറയ്‌ക്കേണ്ടിവരും. മാര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി അംഗരാജ്യങ്ങള്‍ വിപണി സ്ഥിരപ്പെടുത്തുന്നതിനായി 42.6 കോടി ബാരല്‍ എണ്ണയും ഇന്ധന ഉല്‍പ്പന്നങ്ങളും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ 10 കോടി ബാരല്‍ അതിന് പുറമെയാണോ അതോ നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
Oil prices surge: G7 nations to release 100 million barrels of oil into the market to curb price rise.
















