ടെഹ്റാന്: 27 ഇന്ത്യക്കാരുള്‍പ്പെടെയുള്ള ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ ഉപയോഗിച്ച് ആക്രമണം. പനാമയുടെ പതാകയേന്തിയ ക്രൂഡ് ഓയില്‍ ടാങ്കറായ എം.ടി. ലൂയിസ് 1 (MT LOUISE 1) ആണ് വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടത്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ചെറുവള്ളത്തിലെത്തിയ സംഘം കപ്പലിന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകള്‍ ഘടിപ്പിക്കുകയായിരുന്നു.
മൈനുകള്‍ പൊട്ടിത്തെറിച്ചതോടെ കപ്പലിന്റെ മുന്‍ഭാഗത്ത് തീപിടിത്തമുണ്ടായി. എന്നാല്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി കപ്പല്‍ യാത്ര തുടര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒമാനിലെ ഖസബിന് 46 കിലോമീറ്റര്‍ വടക്കുകിഴക്കന്‍ ഭാഗത്താണ് ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് നാവികസേനയുടെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) അറിയിച്ചു.
2017 മുതലാണ് ഈ മേഖലയില്‍ ലിംപെറ്റ് മൈനുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ലിംപെറ്റ് മൈനുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാണെന്ന് ഗ്രീസില്‍ ആസ്ഥാനമായുള്ള സമുദ്ര സുരക്ഷാ ഏജന്‍സിയായ മാരിസ്ക്സ് വ്യക്തമാക്കി. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളുടെ പുറംഭാഗത്ത് ചെറുവള്ളങ്ങളിലെത്തി മൈനുകള്‍ ഘടിപ്പിക്കുന്ന രീതിയാണിത്.
ഇതിനിടെ, ആക്രമണത്തിന് ഒരു ദിവസം മുമ്പ് രണ്ട് ഇന്ത്യക്കാരുമായി യാത്ര ചെയ്തിരുന്ന ലൈബീരിയന്‍ പതാകയുള്ള കൂറ്റന്‍ ക്രൂഡ് ഓയില്‍ ടാങ്കറായ എം.ടി. അര്സാനയ്ക്കും (MT ARZANAH) നേരെയും ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണമുണ്ടായി. ഫെബ്രുവരിയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഈ കടല്‍പാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചുവരികയാണ്. കടന്നുപോകുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇറാന് കപ്പലുകളെ ലക്ഷ്യമിടുന്നതായും തന്ത്രപ്രധാനമായ കടല്‍പാതയുടെ നിയന്ത്രണം ഉറപ്പിക്കാനും വാഷിങ്ടണിനുമേല് സമ്മര്‍ദം ചെലുത്താനുമാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. ആക്രമണത്തില്‍പ്പെട്ട കപ്പലുകളിലെ ഇന്ത്യന്‍ നാവികര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പല്‍ മാനേജ്മെന്റ് കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം എക്സിലെ കുറിപ്പില്‍ അറിയിച്ചു
Oil tanker carrying a crew that included 27 Indians attacked with a mine in the Strait of Hormuz.



















