റിയാദ്: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച റിയാദിലെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ മരിച്ചത് പാകിസ്ഥാന്‍ പൗരനാണെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ സാഹചര്യവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്.
ആക്രമണത്തില്‍ പരിക്കേറ്റ 11 പേരെയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടായ സാഹചര്യം നിയന്ത്രിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായാണ് വിവരം.
ആക്രമണത്തില്‍ വിമാനത്താവളത്തിനും പരിസരത്തും ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി നിലവില്‍ വിലയിരുത്തിവരികയാണ്. സംഭവത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ എത്രത്തോളം ബാധിച്ചുവെന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
One killed, 11 injured in attack on Riyadh airport.



















