ഇമിഗ്രേഷൻ ജീവനക്കാരുടെ നമ്പർ അടക്കം ചോർന്നു, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ വൻ ഡാറ്റ ചോർച്ച; 40,000ത്തിലധികം ജീവനക്കാരുടെ വിവരങ്ങൾ പുറത്ത്

ഇമിഗ്രേഷൻ ജീവനക്കാരുടെ നമ്പർ അടക്കം ചോർന്നു, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ വൻ ഡാറ്റ ചോർച്ച; 40,000ത്തിലധികം ജീവനക്കാരുടെ വിവരങ്ങൾ പുറത്ത്

വാഷിംഗ്ടൺ: യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ആയിരക്കണക്കിന് ജീവനക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ വലിയ സൈബർ ആക്രമണത്തിലാണ് നിർണായക വിവരങ്ങൾ ചോർന്നത്. നിരീക്ഷണവും ഹ്യൂമൻ ഇന്റലിജൻസും പോലുള്ള അതിസുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടെ 40,000-ത്തിലധികം ഡി.എച്ച്.എസ് ജീവനക്കാരുടെ ഡാറ്റ പുറത്തുവിട്ടതായി വിവര ചോർച്ചാ വെബ്‌സൈറ്റായ ‘ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സീക്രട്ട്സ്’ അറിയിച്ചു.

ഡി.എച്ച്.എസ് ഉപയോഗിക്കുന്ന ‘ഒക്ട’ സൈൻ-ഓൺ സർവീസിൽ നിന്നാണ് ഡാറ്റ ചോർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തങ്ങളുടെ ഡാറ്റയോ സിസ്റ്റങ്ങളോ അപഹരിക്കപ്പെട്ടതായി സൂചനകളൊന്നുമില്ലെന്ന് ഒക്ട കമ്പനി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. വിവര ചോർച്ചയെക്കുറിച്ച് അറിയാമെന്നും വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണെന്നും ഡിപ്പാർട്ട്മെന്റ് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും ഫെഡറൽ ഏജൻസി വ്യക്തമാക്കി.

ചോർന്ന ഡാറ്റയിൽ എന്തൊക്കെ ഉൾപ്പെടുന്നു?

ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ജീവനക്കാരുടെ പേരുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി തുടങ്ങിയ മറ്റ് ഡി.എച്ച്.എസ് ഏജൻസികളിലെ ജീവനക്കാരുടെ വിവരങ്ങളും ഇതിൽ പെടും.

ജീവനക്കാരുടെ ഔദ്യോഗിക പദവികൾ, ഇമെയിൽ ഗ്രൂപ്പുകൾ എന്നിവയ്ക്ക് പുറമെ ഏജന്റുമാർ ഏതൊക്കെ പ്രത്യേക ഓപ്പറേഷനുകൾ, രഹസ്യ അന്വേഷണങ്ങൾ, നിരീക്ഷണ ജോലികൾ, കമ്പ്യൂട്ടർ ഫോറൻസിക്സ് എന്നിവയ്ക്കാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതിന്റെ വിശദാംശങ്ങളും ഇതിലുണ്ട്. പല ജീവനക്കാരുടെയും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിൽ ലഭ്യമായ വിവരങ്ങളാണ് ചോർന്നതെങ്കിലും, ചില സന്ദർഭങ്ങളിൽ ഇതുവരെ പുറത്തുവരാത്ത ആന്തരിക ഓർഗനൈസേഷൻ ചാർട്ടുകളും രഹസ്യ വിവരങ്ങളും ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്.

യു.എസ് ഫെഡറൽ ഏജൻസികൾക്ക് നേരെ തുടർച്ചയായ സൈബർ ആക്രമണങ്ങൾ

യുഎസ് ഫെഡറൽ ഏജൻസികൾക്ക് നേരെ അടുത്ത കാലത്തായി നടക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണ് ഡി.എച്ച്.എസിലുണ്ടായ ഈ ഡാറ്റ ചോർച്ച. സെപ്റ്റംബറിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വലിയൊരു ഡാറ്റാ ശേഖരം ചോർന്നതായി ‘ഷൈനിഹണ്ടേഴ്സ്’ അവകാശപ്പെട്ടിരുന്നു. ഇതിൽ ആയിരക്കണക്കിന് ജീവനക്കാരുടെ സെൻസിറ്റീവ് വിവരങ്ങളും മെഡിക്കൽ വിവരങ്ങളും ഉൾപ്പെട്ടിരുന്നു. കൂടാതെ, ലക്ഷക്കണക്കിന് നിലവിലുള്ളതും മുൻകാലങ്ങളിലെതുമായ സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച പ്രതിരോധ വകുപ്പിനെതിരെ ക്ലാസ് ആക്ഷൻ കേസും ഫയൽ ചെയ്തിരുന്നു.

ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണുന്നില്ലെന്നും, മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ ലഭ്യമാക്കുക വഴി സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നുമാണ് ‘ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സീക്രട്ട്സ്’ വ്യക്തമാക്കുന്നത്. ‘ഡിപ്പാർട്ട്മെന്റ് ഓഫ് പീസ്’ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ് വിവരങ്ങൾ ചോർത്തുന്നതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top