മോസ്കോ: റഷ്യന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ശൃംഖല വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അമേരിക്കന്‍ സാങ്കേതിക വ്യവസായ പ്രമുഖന് ഇലോണ്‍ മസ്കിനെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച മസ്ക് യഥാര്‍ഥ പ്രതിഭയാണെന്ന് പുടിന് വിശേഷിപ്പിച്ചു. മോസ്കോയില്‍ നടന്ന റഷ്യ-ആഫ്രിക്ക ഉച്ചകോടിയോടനുബന്ധിച്ച പ്രദര്‍ശനം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പുടിന്റെ പ്രതികരണം.
ഇലോണ്‍ മസ്ക് ഒരു പ്രതിഭയാണ്, യഥാര്‍ഥത്തില്‍ ഒരു പ്രതിഭ തന്നെയെന്നായിരുന്നു പുടിന്റെ പ്രതികരണം. 5000 ലധികം ഉപഗ്രഹങ്ങളാണ് മസ്ക് ഭ്രമണപഥത്തി ലെത്തിച്ചിരിക്കുന്നതെന്നും റഷ്യ ഇപ്പോള്‍ ആദ്യ ചുവടുകള്‍ മാത്രമാണ് വെച്ചുതുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രമണപഥത്തില്‍ പരസ്പരം തടസ്സമുണ്ടാക്കാതിരിക്കുക എന്നത് നിര്‍ണായകമാണെന്നും മസ്ക് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പങ്കാളികളുമായി റഷ്യ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പുടിന് വ്യക്തമാക്കി.
അതേസമയം, മസ്കിന്റെ സ്പേസ് എക്സ് വികസിപ്പിച്ച സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹ ശൃംഖലയായ സ്റ്റാര്ഷീല്ഡിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് യുക്രെയ്നും അമേരിക്കയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുടിന്റെ പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ ഈ മാസം സ്റ്റാര്‍ഷീല്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി യുക്രെയ്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സേവന തടസ്സങ്ങള്‍ക്ക് ഉത്തരവാദികളാണെന്ന ആരോപണം ട്രംപും മസ്കും നിഷേധിച്ചെങ്കിലും, സൈനിക ആവശ്യങ്ങള്‍ക്കായി സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സേവനം യുക്രെയ്ന് ദുരുപയോഗം ചെയ്യുന്നുവെന്ന് പിന്നീട് മസ്ക് ആരോപിച്ചു.
റഷ്യ-യുക്രെയ്ന് സംഘര്‍ഷം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങളുടെ പ്രാധാന്യം വീണ്ടും ചര്‍ച്ചയാകുകയാണ്. സ്റ്റാര്‍ഷീല്‍ഡ് സേവനങ്ങളിലെ തടസ്സങ്ങള്‍ റഷ്യന്‍ ഡ്രോണുകളെ തടയാനുള്ള ശ്രമങ്ങളെ ബാധിക്കുകയും മുന്‍നിരയിലെ സൈനിക നീക്കങ്ങള്‍ക്കും ചരക്കുനീക്കത്തിനും തിരിച്ചടിയാകുകയും ചെയ്തതായി യുക്രെയ്ന് വ്യക്തമാക്കിയിട്ടുണ്ട്. സൈനിക ആശയവിനിമയം, ഡ്രോണ്‍ പ്രതിരോധം, യുദ്ധമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഉപഗ്രഹ സാങ്കേതികവിദ്യ നിര്‍ണായകമാകുന്ന സാഹചര്യത്തില്‍ റഷ്യയുടെ സ്വന്തം ഉപഗ്രഹ ഇന്റര്‍നെറ്റ് ശൃംഖല വികസിപ്പിക്കാനുള്ള നീക്കങ്ങളും ശ്രദ്ധേയമാകുന്നു.
putin praise musk for space ex



















