രാഹുൽ ഗാന്ധിക്കെതിരായ ‘മയക്കുമരുന്ന് താണ്ഡവം’ പരാമർശം; ബി.ജെ.പി കൗൺസിലർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്

രാഹുൽ ഗാന്ധിക്കെതിരായ ‘മയക്കുമരുന്ന് താണ്ഡവം’ പരാമർശം; ബി.ജെ.പി കൗൺസിലർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയ ബി.ജെ.പി കൗൺസിലർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാറാണ് നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. പുനലൂരിൽ നടന്ന പ്രതിഷേധ ജനസഭയിൽ സംസാരിക്കവെ, രാഹുൽ ഗാന്ധി രാജ്യതലസ്ഥാനത്ത് കാണിക്കുന്നത് താണ്ഡവമല്ലെന്നും മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസ്താവന.

സംഭവത്തിൽ ശ്രീലേഖയ്ക്കെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകി. ശ്രീലേഖയുടേത് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ദൈവികമായ ശിവതാണ്ഡവത്തെ അപമാനിച്ച് മതവികാരം വ്രണപ്പെടുത്തുന്നതുമായ പരാമർശമാണെന്ന് തിരുവനന്തപുരം കോർപ്പറേഷൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.

കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപന നാടകത്തിന് ശേഷം ബി.ജെ.പി നേതൃത്വം അനുനയിപ്പിച്ച് പാർട്ടി പരിപാടികളിൽ സജീവമാക്കിയതിന് തൊട്ടുപിന്നാലെയാണ് ശ്രീലേഖയുടെ വിവാദ പ്രസംഗം ബി.ജെ.പിയെ വീണ്ടും പ്രതിരോധത്തിലാക്കിയത്. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്ന ശ്രീലേഖയുടെ ഈ പ്രതികരണം പാർട്ടിക്ക് പുതിയ തലവേദനയായി മാറിയിട്ടുണ്ട്. അതേസമയം, ഉയർന്നുവന്ന വിവാദത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതുവരെ ശ്രീലേഖയെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല.

Share Email
LATEST excelnclexrn
Top