സംസ്ഥാന കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന വിവാദത്തിൽ അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വ്യാജ ആരോപണം ഉന്നയിച്ച് മേള അലങ്കോലമാക്കാൻ മനഃപൂർവം ശ്രമം നടത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ ആരോപണം.
അതിനിടെ, ആരോപണമുന്നയിച്ച അധ്യാപകന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലി സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായി. ജിജോ ജെയിംസ് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയാണെന്ന് പി. സരിൻ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെക്കാനാണ് ലീഗ് മുഖപത്രവും മന്ത്രിയും ശ്രമിച്ചതെന്നും സരിൻ ആരോപിച്ചു.
എന്നാൽ സരിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കെ.പി.സി.സി വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. 2020-ൽ മത്സരരംഗത്തുണ്ടായിരുന്ന അധ്യാപകൻ പിന്നീട് പാർട്ടി വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്ന് വസന്ത് സിറിയക് വ്യക്തമാക്കി. അധ്യാപകന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് വ്യക്തത വരുത്താൻ സരിനെ വെല്ലുവിളിച്ചതോടെ കേസിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമായിട്ടുണ്ട്.



















