യുക്രെയ്ന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി എണ്ണക്കരാറുകള്‍ക്ക് ട്രംപിന്റെ നീക്കം; റഷ്യയിലേക്ക് യുഎസ് കമ്പനികള്‍ തിരിച്ചെത്തിയേക്കും

യുക്രെയ്ന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി എണ്ണക്കരാറുകള്‍ക്ക് ട്രംപിന്റെ നീക്കം; റഷ്യയിലേക്ക് യുഎസ് കമ്പനികള്‍ തിരിച്ചെത്തിയേക്കും

വാഷിങ്ടണ്‍: യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി റഷ്യയുമായി വന്‍തോതിലുള്ള എണ്ണ, വ്യാപാര കരാറുകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം അവസാനിച്ചാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് റഷ്യയുടെ എണ്ണമേഖലയിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കുക, യൂറോപ്പിലേക്ക് റഷ്യന്‍ എണ്ണ വില്‍പ്പന പുനരാരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ചര്‍ച്ചയിലുള്ളതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി സമാധാന ചര്‍ച്ചകളില്‍ ധാരണയിലെത്താനുള്ള ട്രംപിന്റെ പുതിയ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ റഷ്യയുമായുള്ള സാമ്പത്തിക ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കം യുക്രെയ്‌നുമായുള്ള വാഷിങ്ടണിന്റെ ബന്ധത്തില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാനിടയുണ്ട്.

റഷ്യയുടെ കിഴക്കന്‍ മേഖലയിലുള്ള സഖാലിന്‍ തീരത്തെ സംയുക്ത യുഎസ്-റഷ്യന്‍ എണ്ണപദ്ധതി പുനരാരംഭിക്കുന്നതും യൂറോപ്പിലേക്ക് ഡ്രുഷ്ബ പൈപ്പ്ലൈന്‍ വഴി റഷ്യന്‍ എണ്ണ എത്തിക്കുന്നതും ചര്‍ച്ചകളിലെ പ്രധാന നിര്‍ദേശങ്ങളാണ്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സെപ്റ്റംബര്‍ ആദ്യം പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇത്തരം വ്യാപാര സാധ്യതകള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. അടുത്ത മാസം അബുദാബിയില്‍ റഷ്യ, യുക്രെയ്ന്‍, അമേരിക്ക എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് വൈറ്റ് ഹൗസ് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. യുദ്ധം അവസാനിച്ചാല്‍ മാത്രമേ ഇത്തരം സാമ്പത്തിക കരാറുകള്‍ നടപ്പാക്കൂവെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ റഷ്യന്‍ എണ്ണപദ്ധതിയിലുള്ള ഏക അമേരിക്കന്‍ കമ്പനിയായ എക്‌സോണ്‍ മൊബീല്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എണ്ണമേഖലയ്ക്ക് പുറമെ ടൈറ്റാനിയം ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ളവയിലും റഷ്യയുമായി സഹകരിക്കാന്‍ അമേരിക്ക ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിമാന നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലോഹമാണ് ടൈറ്റാനിയം. റഷ്യന്‍ വ്യോമാതിര്‍ത്തി വീണ്ടും ഉപയോഗിക്കാന്‍ അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി ലഭിക്കുന്നതും ചര്‍ച്ചകളിലുണ്ട്. ഇത് ചില വിമാന സര്‍വീസുകളുടെ ഇന്ധനച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചേക്കും. 2022ല്‍ യുക്രെയ്‌നെതിരായ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ വര്‍ഷങ്ങളായി ഒറ്റപ്പെട്ടുനിന്ന മോസ്‌കോ അമേരിക്കയുമായി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഈ മാസം റഷ്യയില്‍നിന്ന് ആയിരക്കണക്കിന് ബാരല്‍ ഡീസല്‍ ഇറക്കുമതി ചെയ്യാനുള്ള കരാറിനും ട്രംപ് അനുമതി നല്‍കിയിരുന്നു.

അതിനിടെ, റഷ്യയുടെ എണ്ണക്കയറ്റുമതിയെ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധപാക്കേജ് നടപ്പാക്കുന്നത് ട്രംപ് ഭരണകൂടം മാറ്റിവച്ചതായും യുക്രെയ്ന്‍ റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് അമേരിക്കയും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ കേന്ദ്രങ്ങള്‍ക്കെതിരായ ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ തയ്യാറായിട്ടില്ല. യുഎസ് രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലുണ്ടായ തടസ്സങ്ങളും സ്റ്റാര്‍ലിങ്ക് സേവനങ്ങളുടെ ലഭ്യത സംബന്ധിച്ച ആശങ്കകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബും നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോറെയും ചൊവ്വാഴ്ച പുടിനുമായി 90 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തി. യുക്രെയ്‌ന് ശക്തമായ പിന്തുണ അറിയിച്ചതായും സംഘര്‍ഷം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത പുടിനെ ബോധ്യപ്പെടുത്തിയതായും ഇരുനേതാക്കളും വ്യക്തമാക്കി. യുക്രെയ്‌നിന്റെ സഖ്യകക്ഷികളുടെ ഏറ്റുമുട്ടല്‍ നയങ്ങളാണ് യുദ്ധം നീണ്ടുപോകാന്‍ കാരണമെന്ന് പുടിന്‍ സംഭാഷണത്തില്‍ ആരോപിച്ചതായാണ് ക്രെംലിന്‍ അറിയിച്ചത്. റഷ്യയുമായി സാമ്പത്തിക സഹകരണം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളും സമാധാന ചര്‍ച്ചകളും യുക്രെയ്ന്‍ യുദ്ധത്തിന്റെ ഭാവിയില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.


Trump moves toward oil deals with Russia to end the Ukraine-Russia war; US companies may return to Russia.

Share Email
LATEST excelnclexrn
Top