വാഷിംഗടണ്‍: യുഎസില്‍ അടുത്ത മാസം മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സത്യസന്ധമായ രീതിയിലാണ് നടക്കുന്നതെങ്കില്‍ അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നാല്‍ ആവശ്യമായ സാഹചര്യത്തില്‍ തന്റെ വീറ്റോ അധികാരം പ്രയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വോട്ടര്‍മാരെ സ്വാധീനിക്കല്‍, തിരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ക്കിടയിലാണ് ട്രംപിന്റെ പ്രതികരണം. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം ആര്‍ക്കായിരിക്കുമെന്ന് നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്, ട്രംപ് ഭരണകൂടത്തിന്റെ തുടര്നയങ്ങളെയും നിയമനിര്‍മാണ നീക്കങ്ങളെയും കാര്യമായി സ്വാധീനിക്കും.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട നിലപാട് ട്രംപ് വ്യക്തമാക്കിയത്.തനിക്ക് ശക്തമായ ഒരു വീറ്റോ അധികാരമുണ്ടെന്നും അത് പ്രയോഗിക്കേണ്ടി വരില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
മുന്‍ തിരഞ്ഞെടുപ്പുകളിലോ 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിലോ നടന്നതായി ആരോപിക്കപ്പെടുന്ന വോട്ടിങ് തട്ടിപ്പുകളെക്കുറിച്ച് വിശ്വസനീയമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരിക്കും പ്രതിഫലം നല്‍കുകയെന്ന് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ഏകദേശം മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം യുഎസിന്റെ രാഷ്ട്രീയ അധികാരസന്തുലനത്തെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. ഞായറാഴ്ച പ്രസിദ്ധീകരിച്ച സിബിഎസ് ന്യൂസ് അഭിപ്രായ സര്‍വേ പ്രകാരം ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 229 സീറ്റുകള്‍ ലഭിച്ചേക്കും. ഇതിലൂടെ സഭയില്‍ ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചേക്കുമെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും സഭയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 21 മുതല്‍ 23 വരെ 2,355 അമേരിക്കന്‍ മുതിര്‍ന്ന പൗരന്മാര്ക്കിടയില് സിബിഎസ് ന്യൂസും യൂഗോവും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പണപ്പെരുപ്പം, വിലക്കയറ്റം, സാമ്പത്തിക ആശങ്കകള്‍ എന്നിവ വോട്ടര്‍മാരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളാണെന്ന് കണ്ടെത്തി. സ്വന്തം പാര്‍ട്ടിയുടെ നയങ്ങളിലുള്ള ആത്മവിശ്വാസത്തേക്കാള് എതിര്‍പാര്‍ട്ടിയോടുള്ള എതിര്‍പ്പാണ് പല വോട്ടര്‍മാരെയും നയിക്കുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റ് വോട്ടര്‍മാരില്‍ കൂടുതല്‍ പേര് വോട്ട് ചെയ്യുമെന്ന് ഉറപ്പുനല്കിയവരോ നേരത്തേ വോട്ട് ചെയ്തവരോ ആണെന്നും സര്‍വേയില്‍ കണ്ടെത്തി. അതേസമയം, വോട്ടുചെയ്യുന്നതില്‍ ഉറപ്പില്ലാത്തവരില്‍ റിപ്പബ്ലിക്കന്‍ അനുകൂല പ്രവണത കൂടുതലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിനാല്‍ അന്തിമഫലത്തില്‍ പോളിങ് ശതമാനം നിര്‍ണായകമായേക്കും.
Trump warns he will accept the results if the midterm elections are held honestly, but will exercise his veto power if there are irregularities.



















