കൊളറാഡോയില്‍ മലകയറ്റത്തിനിടെ രണ്ട് കോളജ് വിദ്യാര്‍ഥികളെ കാണാതായി: തെരച്ചില്‍ തുടരുന്നു

കൊളറാഡോയില്‍ മലകയറ്റത്തിനിടെ രണ്ട് കോളജ് വിദ്യാര്‍ഥികളെ കാണാതായി: തെരച്ചില്‍ തുടരുന്നു

കൊളറാഡോ: പര്‍വതത്തിലേക്കുള്ള ട്രക്കിംഗിനിടെ രണ്ട് കോളജ വിദ്യാര്‍ഥികളെ കാണാതായി. കാണാതായ വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേഡന്‍ മത്സുദ (19), ജാക്‌സണ്‍ ഡോണ്‍ലന്‍ (20) എന്നിവരെയാണ് കാണാതായത്. ഇവര്‍ താമസിച്ചിരുന്ന ടെന്റ് മഞ്ഞുവീഴ്ചയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായിട്ടില്ലെന്ന് ചാഫി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച കൊളറാഡോ മൗണ്ടന്‍ കോളജിന്റെ ലീഡ്വില്‍ ക്യാമ്പസില്‍നിന്ന് യാത്ര തിരിച്ച ഇരുവരും തിരിച്ചെത്താത്തതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നടത്തിയ അന്വേഷണത്തിലാണ് ചാഫി കൗണ്ടിയുടെ വടക്കന്‍ മേഖലയിലുള്ള ഐസ് മൗണ്ടനിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് വ്യക്തമായത്. സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ശനിയാഴ്ച മടങ്ങുമെന്നും മലകയറ്റം തുടരുകയാണെങ്കില്‍ ഞായറാഴ്ച തിരിച്ചെത്തുമെന്നും സുഹൃത്തുക്കള്‍ അധികൃതരോട് പറഞ്ഞിരുന്നു. ഇരുവരും പരിചയസമ്പന്നരായ മലകയറ്റക്കാരാണെന്നും ആവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളും കൈവശമുണ്ടായിരിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

തിരച്ചിലിനിടെ കേഡന്റെ കാര്‍ മലകയറ്റ പാതയുടെ തുടക്കത്തില്‍ കണ്ടെത്തി. പ്രദേശത്ത് വെള്ളിയാഴ്ച മഴയും ശനിയാഴ്ച ഉച്ചയ്ക്കുശേഷം മഞ്ഞുവീഴ്ചയും ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ ഫോണുകള്‍ കഴിഞ്ഞ 48 മണിക്കൂറായി ഉപയോഗിച്ചിട്ടില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍ പ്രദേശത്ത് മൊബൈല്‍ നെറ്റ്വര്‍ക്ക്കുറവായതിനാലായിരിക്കും ഇതെന്നു ഷെരീഫ് ഓഫീസ് അറിയിച്ചു.

ചൊവ്വാഴ്ച ലേക്ക് ആന്‍ തടാകത്തിന് സമീപം ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് ഇവരുടെ ടെന്റ് കണ്ടെത്തിയത്. ഇതിനുള്ളില്‍ നിന്നും സ്ലീപ്പിങ് ബാഗുകള്‍, പാചകത്തിനുള്ള സ്റ്റൗ, വസ്ത്രങ്ങള്‍ എന്നിവയുണ്ടായിരുന്നെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല. കൂടാരത്തിനടിയില്‍ മഞ്ഞില്ലാതിരുന്നതും മഞ്ഞില്‍ കാല്‍പ്പാടുകള്‍ കാണാതിരുന്നതും മഞ്ഞുവീഴ്ചയ്ക്ക് മുമ്പ് കൂടാരം അവിടെ ഉണ്ടായിരുന്നുവെന്ന സൂചന നല്‍കുന്നതായി അധികൃതര്‍ പറഞ്ഞു.

ഐസ് മൗണ്ടന്‍ വളരെ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ മലകയറ്റ മേഖലയാണെന്നും ചില ഭാഗങ്ങളില്‍ മൂന്നുമുതല്‍ നാലടി വരെ മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മോശം കാലാവസ്ഥ വീണ്ടും പ്രതീക്ഷിക്കുന്നതിനാല്‍ തിരച്ചില്‍ ശക്തമാക്കിയതായി ചാഫി കൗണ്ടി ഷെരീഫ് ആന്‍ഡി റോറിച്ച് അറിയിച്ചു. കാണാതായ വിദ്യാര്‍ഥികള്‍ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് അഭയം തേടി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണെന്ന പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊളറാഡോ മൗണ്ടന്‍ കോളജിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. പര്‍വതയാത്രയിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രത്യേക പരിശീലനം നേടിയ അധ്യാപകരും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്.

Two college students go missing while hiking in Colorado; search continues.

Share Email
LATEST excelnclexrn
Top