കൊളറാഡോ: മലകയറ്റത്തിനിടെ കാണാതായ രണ്ട് കോളജ് വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. കേഡന്‍ മാറ്റ്സുഡ (19), ജാക്സണ് ഡോണ്ലണ് (20) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. കൊളറാഡോ മൗണ്ടന്‍ കോളജിന്റെ ലീഡ്വില് ക്യാംപസില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഇരുവരും മലകയറ്റത്തിനായി പുറപ്പെട്ടത്.
ചാഫി കൗണ്ടിയിലെ വെസ്റ്റ് അപ്പോസ്തല്‍ മലനിരയിലെ ഒരു താഴ്വരയില് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.തിങ്കളാഴ്ചയാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതില്‍ നിന്ന് ഇരുവരും കൗണ്ടിയുടെ വടക്കന്‍ മേഖലയിലുള്ള ഐസ് മൗണ്ടനിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമായി.
സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ശനിയാഴ്ച തന്നെ മടങ്ങിവരാനും മലകയറ്റം തുടരുകയാണെങ്കില്‍ ഞായറാഴ്ച തിരിച്ചെത്താനുമായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇരുവരും പരിചയസമ്പന്നരായ മലകയറ്റക്കാരായിരുന്നുവെന്നും ആവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളും കൈവശമുണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. മാറ്റ്സുഡയുടെ കാര്‍ മലകയറ്റ പാതയുടെ തുടക്കത്തില്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് ഏകദേശം എട്ട് ഇഞ്ച് മഞ്ഞ് ഉണ്ടായിരുന്നെങ്കിലും കാറിന് അടിയില്‍ മഞ്ഞ് ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച മഴയും ശനിയാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ചയും ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Two college students who went missing while trekking were found dead.



















