Caritas hospital

ഫ്‌ളൈദുബായ് വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

ഫ്‌ളൈദുബായ് വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം

വാഷിംഗ്ടണ്‍: ഫ്‌ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ച്ഛറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ചു.ന്യൂജേഴ്സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ജോഷ് ഗോട്ട്‌ഹൈമറാണ് പ്രമേയം അവതരിപ്പിച്ചത്. വിമാനത്തിന്റെ കോക്പിറ്റ് സുരക്ഷിതമാക്കാനും വിമാനം സുരക്ഷിതമായി നിലത്തിറക്കാനും സഹായിച്ച ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ അംഗങ്ങള്‍, യാത്രക്കാര്‍ എന്നിവരുടെ ധീരമായ ഇടപെടലിനെയും പ്രമേയം അഭിനന്ദിച്ചു.

തിങ്കളാഴ്ച ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഫ്‌ളൈദുബായ് 1073-ാം നമ്പര്‍ വിമാനത്തിലുണ്ടായ ആക്രമണത്തെ അന്താരാഷ്ട്ര സിവില്‍ വ്യോമയാനത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീകരപ്രവര്‍ത്തനമായി അപലപിച്ചു. സംഭവത്തില്‍ സൗദി അറേബ്യയുടെയും യുഎഇയുടെയും സര്‍ക്കാരുകള്‍ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അന്വേഷണത്തിന്റെ പുരോഗതി യുഎസിനെയും ഇസ്രയേലിനെയും പൂര്‍ണമായി അറിയിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് യാത്ര ചെയ്തിരുന്ന ഫ്‌ലൈദുബായ് എഫ് ഇസഡ് 1073 വിമാനത്തില്‍ സഹപൈലറ്റ് ആക്രമിച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്മിത് മച്ച്ഛറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വിമാനം നിയന്ത്രണത്തിലാക്കാന്‍ സഹപൈലറ്റ് ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ക്യാപ്റ്റന്‍ മച്ച്ഛര്‍ ഇടപെട്ടത്.

കോക്പിറ്റില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ക്രാഷ് ആക്സ് ഉപയോഗിച്ചാണ് സഹപൈലറ്റ് മച്ച്ഛറിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ മച്ച്ഛര്‍ കോക്പിറ്റിന്റെ നിലത്ത് വീണെങ്കിലും 34,000 അടി ഉയരത്തില്‍ നിന്ന് 17,000 അടിയിലധികം താഴേക്ക് പതിച്ച വിമാനത്തിന്റെ കോക്പിറ്റ് വാതില്‍ തുറക്കാന്‍ സാധിച്ചതോടെ യാത്രക്കാര്‍ക്ക് അകത്ത് കടന്ന് ആക്രമിയെ കീഴടക്കാന്‍ കഴിഞ്ഞു. സംഭവത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല.

174 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തര സന്ദേശങ്ങള്‍ കൈമാറിയതിന് പിന്നാലെ സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. രണ്ട് റിസര്‍വ് പൈലറ്റുമാരാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. അല്‍-ഹമ്മാമിയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ മച്ച്ഛറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അബുദാബിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയും ചെയ്തു.

US House of Representatives passes resolution honoring Flydubai pilot Captain Smith Machar.

Share Email
Top