അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കെതിരെ റഷ്യന്‍ ബന്ധമുള്ള എഐ വ്യാജവീഡിയോകള്‍

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കെതിരെ റഷ്യന്‍ ബന്ധമുള്ള എഐ വ്യാജവീഡിയോകള്‍

വാഷിങ്ടണ്‍: യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് സെനറ്റ് സ്ഥാനാര്‍ഥികള്‍ക്കെതിരെ എഐ വ്യാജവീഡിയോകള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യയുമായി ബന്ധമുള്ള ശൃംഖലകളാണ് വീഡിയോകള്‍ക്ക് പിന്നിലെന്നാണ് സംശയം. യഥാര്‍ഥ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏത് പാര്‍ട്ടിക്കായിരിക്കുമെന്ന് നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. വീഡിയോകള്‍ ആദ്യം പങ്കുവെച്ച പോസ്റ്റുകള്‍ നീക്കം ചെയ്തതായും നിയമങ്ങള്‍ ലംഘിച്ച അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതായും സാമൂഹികമാധ്യമമായ എക്‌സ് അറിയിച്ചു.

ഒഹായോയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ ഹസ്റ്റഡിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഷെറോഡ് ബ്രൗണാണ് വ്യാജവീഡിയോയുടെ ഒരു ലക്ഷ്യം. വാര്‍ത്താ ബുള്ളറ്റിന്റെ മാതൃകയില്‍ തയാറാക്കിയ വീഡിയോയില്‍ ബ്രൗണിന്റെ മുന്‍കാല ഇന്റേണായ ഹയ അക്ബിക്കിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയില്‍ തന്നോട് ബന്ധപ്പെടുത്തി പ്രചരിപ്പിച്ച ആരോപണങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് അക്ബിക് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. തന്റെ പേരിനും വ്യക്തിപ്രശസ്തിക്കും ദോഷം വരുത്തുന്നതിനു പുറമേ സെനറ്ററെയും ഇത് ബാധിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അക്ബിക് മുന്നറിയിപ്പ് നല്‍കി.

ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കെന്‍ പാക്സ്റ്റണിനെതിരെ സെനറ്റിലേക്ക് മത്സരിക്കുന്ന ജെയിംസ് തലാരിക്കോയാണ് മറ്റൊരു ലക്ഷ്യം. തലാരിക്കോയുടെ മുന്‍ വിദ്യാര്‍ഥിയുടേതെന്ന രീതിയില്‍ അവതരിപ്പിക്കുന്ന, ക്യാമറയ്ക്കു മുന്നില്‍ നേരിട്ട് സംസാരിക്കുന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിച്ചത്. എഐ ഉപയോഗിച്ചുള്ള കൃത്രിമത്വം ഇതിലും ഉണ്ടായിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നേരിട്ടുള്ള പോരാട്ടത്തില്‍ തലാരിക്കോയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ എഐ ഡീപ്‌ഫേക്കുകളും വിദേശ ബോട്ടുകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉപയോഗിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തലാരിക്കോയുടെ വക്താവ് ജെ.ടി. എന്നിസ് ആരോപിച്ചു.

വീഡിയോകള്‍ റഷ്യന്‍ ബന്ധമുള്ള സ്റ്റോം-1516 എന്ന ശൃംഖലയുടെ മുന്‍കാല പ്രചാരണരീതികളുമായി സാമ്യമുള്ളതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷം മുമ്പ് മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനും അവരുടെ തിരഞ്ഞെടുപ്പ് പങ്കാളിയും മിനസോട്ട ഗവര്‍ണറുമായ ടിം വാള്‍സിനുമെതിരെ സമാനമായ വീഡിയോകള്‍ പ്രചരിച്ചിരുന്നു. ക്ലെംസണ്‍ സര്‍വകലാശാലയിലെ മാധ്യമ ഫോറന്‍സിക് വിദഗ്ധന്‍ ഡാരന്‍ ലിന്‍വില്ലിന്റെ വിലയിരുത്തലില്‍, പുതിയ വീഡിയോകള്‍ക്ക് പിന്നിലും അതേ ശൃംഖലയായിരിക്കാം. പുതിയ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ മുമ്പ് സ്റ്റോം-1516ന്റെ ഉള്ളടക്കങ്ങളും പങ്കുവെച്ചിരുന്നതായി അദ്ദേഹം കണ്ടെത്തി. അതേസമയം, വാഷിങ്ടണിലെ റഷ്യന്‍ എംബസി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുന്‍കാലങ്ങളിലും അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്ന ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചിട്ടുണ്ട്.

എഐ ഉപയോഗിച്ച് നിര്‍മിച്ചതോ മാറ്റം വരുത്തിയതോ ആയ വീഡിയോകളാണ് ഇവയെന്ന് നടത്തിയ പരിശോധനകള്‍ സൂചിപ്പിക്കുന്നതായി ഡാര്‍ട്ട്മത്ത് കോളജ് പ്രൊഫസറും ഡീപ്‌ഫേക്ക് വിദഗ്ധനുമായ ഹാനി ഫരീദ് പറഞ്ഞു. ബ്രൗണിനെ ലക്ഷ്യമിട്ട വീഡിയോ താരതമ്യേന ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യാജനിര്‍മാണമാണെന്നും തലാരിക്കോയ്‌ക്കെതിരായ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്നും അദ്ദേഹം വിലയിരുത്തി. എക്‌സ് ആദ്യ പോസ്റ്റുകള്‍ നീക്കം ചെയ്‌തെങ്കിലും നൂറുകണക്കിന് തവണ പങ്കുവെക്കപ്പെട്ട പകര്‍പ്പുകള്‍ ഓണ്‍ലൈനില്‍ തുടര്‍ന്നും ലഭ്യമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വ്യാജവിവരങ്ങള്‍ നിയന്ത്രിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റിലെ എഐ വ്യാജ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായി അക്ബിക് പറഞ്ഞു

US Midterm Elections: AI-generated fake videos with Russian links targeting Democratic candidates

Share Email
LATEST excelnclexrn
More Articles
Top