യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിൽ, ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്ന ട്രംപിന് മുന്നിൽ കടുത്ത വെല്ലുവിളികൾ; അറിയേണ്ടതെല്ലാം

യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിൽ, ജനപ്രീതിയിൽ വൻ ഇടിവ് നേരിടുന്ന ട്രംപിന് മുന്നിൽ കടുത്ത വെല്ലുവിളികൾ; അറിയേണ്ടതെല്ലാം
Share Email

ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നവംബർ 3-ന് നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധിയുടെ അവസാന രണ്ട് വർഷത്തേക്ക് യു.എസ്. കോൺഗ്രസ് ആര് നിയന്ത്രിക്കണമെന്ന് നിർണയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ രൂക്ഷമായ വിലക്കയറ്റവും ജീവിതച്ചെലവ് വർധിച്ചതും ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇത് ട്രംപിനും അദ്ദേഹത്തിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ലെങ്കിലും പുതിയ നിയമനിർമാണങ്ങളും പദ്ധതികളും പാസാക്കുന്നതിൽ അദ്ദേഹത്തിന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരും.

എന്താണ് ഇടക്കാല തിരഞ്ഞെടുപ്പ്?

യു.എസിലെ പാർലമെന്റായ കോൺഗ്രസിന് 435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയും 100 അംഗങ്ങളുള്ള സെനറ്റും അടങ്ങുന്ന രണ്ട് സഭകളാണുള്ളത്. ജനപ്രതിനിധി സഭയ്ക്ക് രണ്ട് വർഷത്തെ കാലപരിധിയാണുള്ളതെങ്കിൽ, സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വർഷമാണ്. എന്നാൽ സെനറ്റ് അംഗങ്ങളെ ഒരുമിച്ചല്ല തിരഞ്ഞെടുക്കുന്നത്; 100 അംഗങ്ങളിലെ മൂന്നിൽ ഒരു ഭാഗത്തെ ഓരോ രണ്ട് വർഷം കൂടുമ്പോഴും തിരഞ്ഞെടുക്കും. അതുകൊണ്ടുതന്നെ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ 435 ജനപ്രതിനിധി സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് പ്രധാന മത്സരം നടക്കുന്നത്. നാല് വർഷം കൂടുമ്പോൾ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കൃത്യം രണ്ട് വർഷം തികയുമ്പോഴാണ് ഈ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്.

നിലവിലെ രാഷ്ട്രീയ സ്ഥിതിയും കോൺഗ്രസിലെ കണക്കുകളും

യു.എസ്. കോൺഗ്രസിലെ രണ്ട് സഭകളിലും നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. 435 അംഗ പ്രതിനിധി സഭയിൽ ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ 219 പ്രതിനിധികളാണ് റിപ്പബ്ലിക്കൻസിനുള്ളത്. ഡെമോക്രാറ്റുകൾക്കും 219 സീറ്റുകളാണുള്ളത് (രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു). സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റുകൾക്ക് 45 സീറ്റുകളുമാണുള്ളത്. ഡെമോക്രാറ്റുകൾ പ്രതിനിധി സഭയുടെ നിയന്ത്രണം നേടുമെന്നാണ് സമീപകാല സർവേകൾ പ്രവചിക്കുന്നത്. ഡെമോക്രാറ്റുകൾ ഇരുസഭകളിലും ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ വീറ്റോ അധികാരവും എക്സിക്യൂട്ടീവ് അധികാരവും നിലനിൽക്കുമെങ്കിലും, കോൺഗ്രസിലൂടെ പുതിയ നിയമങ്ങൾ പാസാക്കിയെടുക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാകും. കൂടാതെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളും ഉണ്ടായേക്കാം.

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ

ഇറാനിൽ അമേരിക്കയും ഇസ്രായേലുമായി നടത്തിയ സൈനികാക്രമണത്തെ തുടർന്നുണ്ടായ പെട്രോൾ വിലവർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് യു.എസിൽ ഏറ്റവുംകൂടുതൽ ചർച്ചയായത്. വീട്ടുവാടകയും ആരോഗ്യ മേഖലയിലെ ചെലവുകളും വോട്ടർമാരുടെ പ്രധാന വേവലാതികളാണ്. ഇതിനുപുറമെ യു.എസ്-മെക്സിക്കോ അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്രിപ്റ്റോകറൻസി, ഗർഭച്ഛിദ്രം, യുദ്ധം തുടങ്ങിയവയും പ്രധാന പ്രചാരണ വിഷയങ്ങളായി മാറിയിട്ടുണ്ട്. നിലവിലുള്ള ഭരണത്തിന്റെ വിലയിരുത്തലായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

ഭാവി രാഷ്ട്രീയത്തിലേക്കുള്ള മുന്നൊരുക്കം

സാധാരണയായി ഇടക്കാല തിരഞ്ഞെടുപ്പുകളിൽ നിലവിലുള്ള പ്രസിഡന്റിന്റെ പാർട്ടിക്ക് കോൺഗ്രസിൽ സീറ്റുകൾ നഷ്ടപ്പെടാറുണ്ട്. ട്രംപിന്റെ ആദ്യ കാലയളവിലെ 2018-ലെ ഇടക്കാല തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതിനിധി സഭയിൽ വലിയ തോതിൽ സീറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഇത്തവണയും പ്രതിനിധി സഭയിൽ സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും സെനറ്റിലെ മത്സരം നിർണായകമാണ്. ട്രംപിന് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ലെന്നിരിക്കെ, ഈ തിരഞ്ഞെടുപ്പിന് ശേഷം 2028-ലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഇരുപാർട്ടികളുടെയും സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള വ്യക്തത കൈവരും.

Share Email
LATEST excelnclexrn
More Articles
Top