ഇല്ലിനോയിയില്‍ 156 മില്യണ്‍ ഡോളറിന്റെ ഭവനസഹായ പദ്ധതി

ഇല്ലിനോയിയില്‍ 156 മില്യണ്‍ ഡോളറിന്റെ ഭവനസഹായ പദ്ധതി

ചിക്കാഗോ: ഇല്ലിനോയിയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 156 മില്യണ്‍ ഡോളറിന്റെ പുതിയ ഭവനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ പ്രഖ്യാപിച്ച ഈ പദ്ധതികള്‍ ഇല്ലിനോയി ഹൗസിങ് ഡെവലപ്‌മെന്റ് അതോറിറ്റിയിലൂടെ നടപ്പാക്കും.പദ്ധതിയിലെ പ്രധാന ആകര്‍ഷണം ‘ഓപ്പണിങ് ഡോര്‍സ്’ എന്ന പദ്ധതിയാണ്. ഇതിലൂടെ യോഗ്യരായ അപേക്ഷകര്‍ക്ക് വീടിന്റെ ഡൗണ്‍ പേയ്‌മെന്റിനോ ക്ലോസിങ് ചെലവുകള്‍ക്കോ 9,000 ഡോളര്‍ വരെ സഹായം ലഭിക്കും. നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ തുക പിന്നീട് തിരിച്ചടയ്‌ക്കേണ്ടതില്ല.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മാത്രമല്ല, മറ്റ് യോഗ്യരായ അപേക്ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഏകദേശം 3,000 പേര്‍ക്ക് ഈ സഹായം ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.വിദ്യാഭ്യാസ വായ്പയുടെ ബാധ്യത കാരണം വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ‘സ്മാര്‍ട്ട്‌ബൈ’ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ യോഗ്യരായവര്‍ക്ക് വിദ്യാഭാസ വായ്പ അടയ്ക്കാന്‍ 40,000 ഡോളര്‍ വരെ സഹായവും വീടിന്റെ ഡൗണ്‍ പേയ്‌മെന്റിനോ ക്ലോസിങ് ചെലവുകള്‍ക്കോ 5,000 ഡോളര്‍ അധിക സഹായവും ലഭ്യമാക്കാനാണ് ലക്ഷ്യം.

കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വിമുക്തഭടന്മാര്‍ക്കും താങ്ങാനാവുന്ന നിരക്കിലുള്ള ഭവനങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതിയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കൗണ്ടികളിലായി നൂറുകണക്കിന് ഭവനങ്ങള്‍ക്കാണ് ഇതിലൂടെ പിന്തുണ ലഭിക്കുക.സംസ്ഥാനത്ത് ഭവനക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി. ഇല്ലിനോയിയില്‍ ഇപ്പോള്‍ ഏകദേശം 142,000 ഭവനങ്ങളുടെ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ ഇല്ലിനോയി ഹൗസിങ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

$156 million housing assistance program in Illinois

Share Email
More Articles
Top