ഫ്ളോറിഡ: ഫ്ലോറിഡയില്‍ ഒന്‍പതു പേരുമായി പോയ സ്വകാര്യ ബിസിനസ് ജെറ്റ് വിമാനം ജനവാസമേഖലയില്‍ തകര്‍ന്നുവീണ അപകടത്തില്‍ . വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്ഏക്കേഴ്സ് മേഖലയില്‍ അപകടമുണ്ടായത്. തിരക്കേറിയ റോഡിന് സമീപം വീടുകള്ക്കരികിലായാണ് വിമാനം വീണത്.. നിലത്തിടിച്ച ഉടന്‍ വിമാനം വന്‍ തീഗോളമായി മാറി. അപകടത്തിന്റെ ദൃശ്യങ്ങള്‍ വാഹനങ്ങളിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോകളിലൂടെ പുറത്തുവന്നു.
ടെക്സസിലെ ഓസ്റ്റിന്‍-ബെര്‍ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട ലിയര്‍ജെറ്റ് 60 വിമാനമാണ് അപകടത്തില്‍പ്പെട്ടത് .പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50ഓടെയാണ് വിമാനം തകര്‍ന്നുവീണതെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. അപകടസ്ഥലത്ത് റോഡരികില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. തീ പടര്‍ന്നുപിടിക്കുകയും കറുത്ത പുക പ്രദേശമാകെ വ്യാപിക്കുകയും ചെയ്തു.
അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തില്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 700 അടി വരെ വിമാനം ശക്തമായി ആടിയുലയുന്നതായും പൈലറ്റ് അറിയിച്ചതായി എയര്‍ ട്രാഫിക് കണ്ട്രോള് റെക്കോര്‍ഡിങ്ങുകള്‍ വ്യക്തമാക്കുന്നു. മഞ്ഞുപാളികളും ശക്തമായ കാറ്റും നിയന്ത്രിക്കാനാകുന്ന സാഹചര്യമാണെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് സ്ഥിതി വഷളായി. കൂടുതല്‍ ഉയരത്തിലേക്ക് പറക്കാന്‍ അനുമതി തേടിയതിന് പിന്നാലെ വിമാനം അതിവേഗം താഴേക്ക് പതിക്കാന്‍ തുടങ്ങി.
ഏകദേശം 35,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം ഒരു മിനിറ്റിനുള്ളില്‍ അതിവേഗം താഴേക്ക് പതിച്ചു. മിനിറ്റില്‍ 8,000 അടി വേഗത്തില്‍ താഴുന്നതായും പിന്നീട് വേഗം 20,000 അടിയായും ഉയര്‍ന്നതായി പൈലറ്റ് സന്ദേശം നല്കി. ഒടുവില്‍ മിനിറ്റില്‍ 30,000 അടി വരെ വേഗത്തില്‍ താഴ്ന്നതായാണ് വിമാനത്തിന്റെ ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങളും എയര്‍ ട്രാഫിക് കണ്ട്രോള് രേഖകളും സൂചിപ്പിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പൈലറ്റ് അവസാനമായി നല്കിയ സന്ദേശം ‘വിമാനം നിലത്തിടിച്ച് തകരാന്‍ പോകുകയാണ്’ എന്നായിരുന്നു. പിന്നാലെ വിമാനം വലതുവശത്തേക്ക് ശക്തമായി ചരിഞ്ഞ് നിലത്തിടിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തെ സഹായിക്കാന്‍ എഫ്എഎ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടമുണ്ടായതിനെത്തുടര്‍ന്ന് സമീപത്തെ മൊബൈല്‍ ഹോം താമസകേന്ദ്രത്തില്നിന്ന് ഏകദേശം 600 പേരെ അധികൃതര്‍ ഒഴിപ്പിച്ചു. റോഡ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്നും പാം ബീച്ച് കൗണ്ടി അധികൃതര്‍ അറിയിച്ചു.
All nine people on board the plane that crashed in Florida have died.



















