വാഷിംഗടണ്‍: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്ത് കൂടുതല്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ കരുത്തുറ്റ എഐ വികസിപ്പിക്കാനുള്ള നീക്കവുമായി ആപ്പിള്‍.
നിലവിലുളള ചാറ്റ്ജിപിടി, ക്ലോഡ്, മെറ്റയുടെ മ്യൂസ് തുടങ്ങിയ എഐ സംവിധാനങ്ങളേക്കാള്‍ വിപുലമായ പ്രവര്‍ത്തനശേഷിയുള്ള എഐകള്‍ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി മുതിര്‍ന്ന എന്‍ജിനീയറിങ് മാനേജരെ നിയമിക്കും. വെബ് ബ്രൗസിങ്, വിവിധ ആപ്പുകളുടെ ഉപയോഗം, കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, കോഡിങ്, പിഴവുകള്‍ കണ്ടെത്തി പരിഹരിക്കല്‍ തുടങ്ങി മനുഷ്യനെപ്പോലെ കമ്പ്യൂട്ടറില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ കഴിയുന്ന എഐ ഏജന്റുകളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും ആപ്പിളിന്റെ സവിശേഷമായ പ്രവര്‍ത്തനമികവും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ സംവിധാനം വികസിപ്പിക്കുക.
വിവിധ ആപ്പുകളിലും വെബ് ബ്രൗസറുകളിലും ഒരേസമയം പ്രവര്‍ത്തിക്കാനും സങ്കീര്‍ണമായ ജോലികള്‍ ഘട്ടംഘട്ടമായി ആസൂത്രണം ചെയ്ത് പൂര്‍ത്തിയാക്കാനും പുതിയ എഐ ഏജന്റുകള്‍ക്ക് കഴിയുമെന്നാണ് ജോലി പരസ്യത്തില്‍ വ്യക്തമാക്കുന്നത്. ആവശ്യാനുസരണം വിവിധ സാങ്കേതിക സംവിധാനങ്ങളെയും പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കുന്ന ഉപഏജന്റുകളെയും ഏകോപിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. നിലവില്‍ മെറ്റയുടെ മ്യൂസ്, ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയവയ്ക്ക് സമാനമായ ചില കഴിവുകളുണ്ടെങ്കിലും ആപ്പിളിന്റെ ഉപകരണങ്ങളുമായുള്ള ആഴത്തിലുള്ള സംയോജനം പുതിയ സംവിധാനത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഐഫോണിലെ സന്ദേശങ്ങള്‍, ഇമെയിലുകള്‍, മറ്റ് ആപ്പുകള്‍ എന്നിവയുമായി സുരക്ഷിതമായി ഇടപെടാന്‍ ആപ്പിളിന്റെ സ്വന്തം എഐ സംവിധാനത്തിന് കൂടുതല്‍ സൗകര്യമുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.
ആപ്പിളിന്റെ സ്വകാര്യതാ സംരക്ഷണത്തിലുള്ള വിശ്വാസവും ഐഫോണ്‍, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്സ് തുടങ്ങിയ ഉപകരണങ്ങള്‍ തമ്മിലുള്ള ഏകോപനവും എഐ രംഗത്ത് കമ്പനിക്ക് നിര്‍ണായക നേട്ടമാകുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍.
Apple to develop AI agents more powerful than ChatGPT, Claude, and Muse; The stage is set for a new competition in the field of artificial intelligence.
















