നവംബര്‍ 22ന് മാഗ് കാര്‍ണിവല്‍; 21ന് സോക്കര്‍ ടൂര്‍ണമെന്റ്; ഡിസംബര്‍ 5ന് ബാഡ്മിന്റണ്‍, പിക്കിള്‍ബോള്‍ മത്സരങ്ങള്‍
ഹൂസ്റ്റണ്‍: ഗ്രേറ്റര്‍ ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) നാല്‍പ്പതാം വാര്‍ഷികത്തിന്റെ നിറവില്‍ സംഘടിപ്പിക്കുന്ന മാഗ് കാര്‍ണിവല്‍ 2026 ഹൂസ്റ്റണിലെ മലയാളികള്‍ക്ക് ആവേശകരമായ ആഘോഷവിരുന്നൊരുക്കുന്നു. കലയും സംഗീതവും ഭക്ഷണവൈവിധ്യങ്ങളും കായികമത്സരങ്ങളും ഒത്തുചേരുന്ന വിപുലമായ ആഘോഷപരിപാടികളാണ് മാഗ് ഒരുക്കിയിരിക്കുന്നത്.
നവംബര്‍ 22 ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ സ്റ്റാഫോര്‍ഡിലെ കേരള ഹൗസിലാണ് കാര്‍ണിവല്‍ നടക്കുന്നത്. പുതുതായി നവീകരിച്ച കേരള ഹൗസിന്റെ ഔപചാരിക ഉദ്ഘാടനവും കാര്‍ണിവലിനോടനുബന്ധിച്ച് നടക്കും. മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയുടെ കേന്ദ്രമായ കേരള ഹൗസ് കൂടുതല്‍ സൗകര്യങ്ങളോടെ വീണ്ടും സജീവമാകുന്നതും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

സംഗീതപരിപാടികള്‍, കലാവിരുന്നുകള്‍, വിനോദപരിപാടികള്‍, കേരളീയ ഭക്ഷണവിഭവങ്ങള്‍ തുടങ്ങി കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ആഘോഷങ്ങളാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. കുടുംബസമേതം ഒത്തുചേരാനും സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള അവസരമായി കാര്‍ണിവല്‍ മാറും. ജാതിമതഭേദമന്യേ എല്ലാവര്ക്കും പരിപാടിയില്‍ പങ്കെടുക്കാം.
സോക്കര്‍ ടൂര്‍ണമെന്റ് നവംബര്‍ 21ന്
കാര്‍ണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സോക്കര്‍ ടൂര്‍ണമെന്റ് നവംബര്‍ 21 ശനിയാഴ്ച ഷുഗര്‍ലാന്‍ഡിലെ ന്യൂ ടെറിട്ടറി സ്പോര്‍ട്സ് കോംപ്ലക്സില്‍ (5350 New Territory Blvd, Sugar Land, TX 77479) നടക്കും.
ഓപ്പണ്‍ വിഭാഗം (9 കളിക്കാര്‍), 35 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗം (7 കളിക്കാര്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഓരോ ടീമിനും 250 ഡോളറാണ് രജിസ്ട്രേഷന് ഫീസ്.
ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനമായി 701 ഡോളറും ട്രോഫിയും രണ്ടാം സമ്മാനമായി 501 ഡോളറും ട്രോഫിയും നല്‍കും. 35 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഒന്നാം സമ്മാനം 501 ഡോളറും ട്രോഫിയും രണ്ടാം സമ്മാനം 301 ഡോളറും ട്രോഫിയുമാണ്. കായികപ്രേമികള്‍ക്ക് ആവേശകരമായ മത്സരങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം മലയാളി യുവജനങ്ങള്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ 3,500 ഡോളറിലധികം ക്യാഷ് പ്രൈസുകള്‍
മാഗിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 5 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ സ്റ്റാഫോര്‍ഡിലെ ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ (10550 W Airport Blvd, Stafford, TX 77477) ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കും.

ഓപ്പണ്‍ വിഭാഗം, 40 വയസ്സിനു മുകളിലുള്ളവര്‍, 50 വയസ്സിനു മുകളിലുള്ള സീനിയേഴ്സ് വിഭാഗം, വനിതാ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
3,500 ഡോളറിലധികം ക്യാഷ് പ്രൈസുകളും ട്രോഫികളുമാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണം. ഒരാള്‍ക്ക് 50 ഡോളറാണ് രജിസ്ട്രേഷന് ഫീസ്. നവംബര്‍ 30 വരെയാണ് രജിസ്ട്രേഷന് സ്വീകരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ സാജന് ജോണ്‍ (832-779-5966), യൂത്ത് പ്രതിനിധി മൈക്കിള്‍ ജോയ് (832-732-1409) എന്നിവരുമായി ബന്ധപ്പെടാം.
പിക്കിള്‍ബോള്‍ ടൂര്‍ണമെന്റും ഡിസംബര്‍ 5ന്
മലയാളി സമൂഹത്തില്‍ കായികരംഗത്തെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മാഗ് സംഘടിപ്പിക്കുന്ന പിക്കിള്‍ബോള്‍ ടൂര്‍ണമെന്റും ഡിസംബര്‍ 5 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടക്കും.
ഓപ്പണ്‍ വിഭാഗം, 40 മുതല്‍ 54 വയസ്സുവരെയുള്ളവര്‍, 55 വയസ്സിനു മുകളിലുള്ളവര്‍, വനിതാ വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
എല്ലാ വിഭാഗങ്ങളിലും വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നല്‍കും. രജിസ്ട്രേഷന് ഫീസ് ഒരാള്‍ക്ക് 50 ഡോളറാണ്. നവംബര്‍ 30 ആണ് രജിസ്ട്രേഷന്റെ അവസാന തീയതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാജന് ജോണ്‍ (832-779-5966), മൈക്കിള്‍ ജോയ് (832-732-1409), അനിത് ഫിലിപ്പ് (832-454-3167), റെജി കോട്ടയം (832-723-7995) എന്നിവരുമായി ബന്ധപ്പെടാം.
നാല്‍പ്പതാം വാര്‍ഷികത്തിന്റെ നിറവില്‍ മാഗ്
1986ല്‍ സ്ഥാപിതമായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നാല്‍പ്പത് വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യവുമായി ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക, സാമൂഹിക, കായിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്.
മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും നിലനിര്‍ത്തുന്നതിനൊപ്പം പുതുതലമുറയെ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കും കായികരംഗത്തേക്കും ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിപുലമായ കാര്‍ണിവലും കായികമത്സരങ്ങളും സംഘടിപ്പിക്കുന്നത്.
പ്രസിഡന്റ് റോയ് മാത്യു, വൈസ് പ്രസിഡന്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷിനു എബ്രഹാം, സെക്രട്ടറി വിനോദ് ചെറിയാന്, ട്രഷറര്‍ സുനില്‍ തങ്കപ്പന്,ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം,ജീവന് സൈമണ്‍,സുബിന് ബാലകൃഷണന്,ജിന്‍സ് മാത്യു,സാജന് ജോണ്‍,ബിജു ശിവന്,ബനീജ ചെറു,അനിലാ സന്ദീപ്,അമ്പിളി ആന്റണി,ഡെന്നീസ് മാത്യു,മൈക്കിള്‍ ജോയി,
എന്നിവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ പ്രവര്‍ത്തിച്ച് പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.
മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമായി മാഗ് കാര്‍ണിവല്‍ 2026 മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഹൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും കാര്‍ണിവലിലേക്കും കായികമത്സരങ്ങളിലേക്കും മാഗ് ഭാരവാഹികള്‍ ഹാര്‍ദവമായി സ്വാഗതം ചെയ്തു.
കാര്‍ണിവല്‍ വേദി: കേരള ഹൗസ്, 1415 Packer Lane, Stafford, Texas 77477.
MAG Carnival 2026 to host a grand autumn celebration in Houston; features include the inauguration of ‘Kerala House’ and extensive sports events.
















