ഫീനിക്സ് (അരിസോണ): ഒറിഗണിലെ പോര്‍ട്ട്ലാന്‍ഡിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫീനിക്സ് സ്കൈ ഹാര്‍ബര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി. നവംബര്‍ 19 വ്യാഴാഴ്ചയാണ് സംഭവം. AA3230 സര്‍വീസ് നടത്തിയ എയര്‍ബസ് A319 വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 120 പേര് ഉണ്ടായിരുന്നതായി പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു.
തൊട്ടുപിന്നാലെ പുറപ്പെട്ട സ്കൈവെസ്റ്റ് വിമാനത്തിലെ ജീവനക്കാര്‍, അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഒരു എന്ജിനിന് സമീപം തീജ്വാല കണ്ടതായും ദ്രാവകം ചോരുന്നതായി സംശയമുണ്ടെന്നും കണ്‍ട്രോളര്‍മാരെ അറിയിച്ചു. ഈ വിവരം കൈമാറിയപ്പോള്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ അനുഭവപ്പെടുന്നതായി പൈലറ്റുമാര്‍ പറഞ്ഞു. പിന്നാലെ ‘മേയ്ഡേ’ പ്രഖ്യാപിച്ച അവര്‍ ഫീനിക്സിലേക്ക് മടങ്ങാന്‍ ദിശാനിര്‍ദേശം തേടി. ഇറങ്ങുന്നതിന് മുമ്പ് കൂടുതല്‍ ഇന്ധനം ഉപയോഗിച്ചുതീര്‍ക്കാന്‍ സമയം വേണമോ എന്ന് കണ്ട്രോളര്മാര് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്ന് പൈലറ്റുമാര്‍ അറിയിച്ചു.
പറന്നുയര്‍ന്ന് ഏകദേശം 20 മിനിറ്റിനകം വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങിയതായാണ് ലഭ്യമായ റിപ്പോര്‍ട്ട്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്കൈവെസ്റ്റ് ജീവനക്കാര്‍ തീജ്വാല കണ്ടതായി അറിയിച്ചെങ്കിലും എന്‍ജിനില്‍ തീപിടിത്തമുണ്ടായിരുന്നോ എന്നതും ഹൈഡ്രോളിക് തകരാറിന്റെ കാരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
American Airlines flight returns to Phoenix after declaring ‘Mayday’
















