അമേരിക്കയും റഷ്യയും കൈകോര്‍ക്കുമോ? പുടിനെ ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് ട്രംപ്

അമേരിക്കയും റഷ്യയും കൈകോര്‍ക്കുമോ? പുടിനെ ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് ട്രംപ്

ബീജിംഗ്: ലോകം ഉറ്റുനോക്കിയ അമേരിക്ക ചൈന റഷ്യ രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധയമാകുന്നു.പുടിനെ വര്‍ഷങ്ങളായി നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിച്ചുവരുന്നതിനിടെയാണ് ട്രംപ് അദ്ദേഹത്തെ ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് സ്വീകരിച്ചത്. ഇത് പുതിയ ചില സൂചനകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്നാണ് അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.

മൂന്ന് ലോകനേതാക്കളും കൂടിക്കാഴ്ചയെ ചരിത്രപ്രധാനമെന്ന് വിശേഷിപ്പിച്ചു. ഏകദേശം 90 മിനിറ്റ് നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ സമാധാനവും അന്താരാഷ്ട്ര നിയമവും സംബന്ധിച്ച നാല് ഇന സംയുക്ത പ്രഖ്യാപനവും പുറത്തിറക്കി. എന്നാല്‍ റഷ്യ യുക്രെയ്നില്‍ യുദ്ധം ശക്തമാക്കുന്നതിനിടെ പുടിന്‍ കാര്യമായ വിട്ടുവീഴ്ചകളൊന്നും നടത്താതെയാണ് ഉച്ചകോടിയില്‍ പങ്കെടുത്തതെന്ന് വിദേശനയ വിദഗ്ധര്‍ വിലയിരുത്തുന്നു.

അന്താരാഷ്ട്ര സമാധാനവും നിയമവ്യവസ്ഥയും സംരക്ഷിക്കേണ്ടത് മൂന്ന് രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണെന്ന് പുടിന്‍ പ്രസ്താവിച്ചെങ്കിലും യുക്രെയ്നിലെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെടുത്തുന്ന രീതിയില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്കിടെ കീവിന്റെ മധ്യഭാഗത്തും ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതിനിടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ (ഐ.സി.സി) ട്രംപ് രംഗത്തെത്തി. പുടിനെതിരെ 2023-ല്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതിയെ ‘നിയന്ത്രണം വിട്ട സ്ഥാപനം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലും ഐ.സി.സിയുടെ അധികാരദുര്‍വിനിയോഗത്തെ വിമര്‍ശിക്കുന്ന പരാമര്‍ശമുണ്ടായി. ലണ്ടന്‍ ആസ്ഥാനമായ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധന്‍ ജോനാഥന്‍ ഇയല്‍, അന്താരാഷ്ട്ര നിയമങ്ങളെയും സ്ഥാപനങ്ങളെയും നിരാകരിക്കുന്നതാണ് ഉച്ചകോടിയുടെ പ്രധാന ഫലമെന്ന് നിരീക്ഷിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പുടിന്‍ വ്യക്തമാക്കി. യുക്രെയ്നിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുനല്‍കണമെന്ന ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, ഉച്ചകോടിക്കുശേഷം സമാധാന ചര്‍ച്ചകളുടെ സാധ്യതകളെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ട്രംപ് യുക്രെയ്ന്റെ സഖ്യകക്ഷികളായ യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിലേക്ക് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റഷ്യ ഗൗരവമായ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യയ്ക്കെതിരെ പുതിയ ഉപരോധങ്ങളും യുക്രെയ്നുള്ള പിന്തുണയും ശക്തമാക്കാന്‍ യൂറോപ്പ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1945-ല്‍ നടന്ന യാല്‍റ്റ സമ്മേളനത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഷെന്‍ഷെന്‍ ഉച്ചകോടിയെ റഷ്യന്‍ മാധ്യമങ്ങള്‍ ‘യാല്‍റ്റ 2.0’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഉച്ചകോടിയുടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ട്രംപും പുടിനും സൗഹൃദത്തോടെ ഒന്നിച്ചുനില്‍ക്കുന്ന ദൃശ്യങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്കയ്ക്കും യുക്രെയ്നില്‍ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയില്‍ കുറവുണ്ടാകുന്ന സാഹചര്യത്തില്‍ യുക്രെയ്നും യൂറോപ്യന്‍ രാജ്യങ്ങളും സ്വന്തം പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. യൂറോപ്യന്‍ നിര്‍മിത മിസൈലുകള്‍ ഉപയോഗിച്ചുള്ള യുക്രെയ്ന്റെ ആക്രമണത്തില്‍ ക്രിമിയയിലേക്കുള്ള റഷ്യയുടെ പാലത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഷെന്‍ഷെന്‍ ഉച്ചകോടി യുദ്ധം തനിക്ക് അനുകൂലമായി മുന്നേറുകയാണെന്ന പുടിന്റെ വിലയിരുത്തലിനെ കൂടുതല്‍ ശക്തിപ്പെടുത്തിയേക്കാമെന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നു.

Will America and Russia join hands? Trump refers to Putin as ‘my friend’

Share Email
Top