ഷെന്‍ഷെന്‍: അമേരിക്കയുമായി വ്യാപാരരംഗത്ത് ഇടഞ്ഞു നില്ക്കുന്ന അയല്‍ രാജ്യമായ കാനഡ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ യായ ചൈനയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ പുതിയ കരാറുകളും പങ്കാളിത്തങ്ങളും പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ചൈനയിലെ ഷെന്‍ഷെനില്‍ സന്ദര്‍ശനത്തിന്റെ ആദ്യദിവസമാണ് വ്യാപാരം, സാംസ്കാരിക മേഖല, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ രംഗങ്ങളില്‍ സഹകരണം വിപുലീകരി ക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്. നിലവിലുള്ള താരിഫ് ഇളവുകള്‍ നീട്ടുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ-കലാ മേഖലകളില്‍ സഹകരിക്കുന്നതിനും ധാരണയായി. കൃഷി, ഊര്‍ജം, വാഹന വ്യവസായം തുടങ്ങിയ മേഖലകളിലെ വ്യാപാരം വര്‍ധിപ്പിക്കുന്നതും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമാണ്.
ഇന്നു രാവിലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കാര്‍ണി കൂടിക്കാഴ്ച നടത്തി. . ഈ വര്‍ഷം ചൈനയില്‍ ഇരു നേതാക്കളും നേരിട്ട് നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ജനുവരിയില്‍ ബെയ്ജിങ്ങിലെത്തിയ കാര്‍ണി ഷിയുമായി ചര്‍ച്ച നടത്തിയിരുന്നു. എട്ടുവര്‍ഷത്തിലേറെ ഇടവേളയ്ക്കുശേഷം ഒരു കനേഡിയന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ നടന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു അത്. ജനുവരിയിലെ സന്ദര്‍ശനത്തിനുശേഷം ഏറെ നേട്ടങ്ങള്‍ കൈവരിക്കാനായെന്ന് ചര്‍ച്ചകള്‍ക്ക് മുമ്പ് കാര്‍ണി പറഞ്ഞു.
ഇന്നത്തെ ചര്‍ച്ചകളില്‍ ചില കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന നല്‍കിവരുന്ന താരിഫ് ഇളവുകള്‍ 2028 ഡിസംബര്‍ 31 വരെ നീട്ടാന്‍ ധാരണയായി. കനോല ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ലോബ്സ്റ്റര്‍, ഞണ്ട്, പീസ് എന്നിവയ്ക്കുള്ള ഇളവുകള്‍ നേരത്തേ രണ്ടുവര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം. പകരമായി, കാനഡയില്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതോ ഉല്‍പ്പാദിപ്പി ക്കാത്തതോ ആയ 32 ചൈനീസ് സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇളവ് 2028 ഡിസംബര്‍ 31 വരെ നീട്ടാന്‍ കാനഡയും തീരുമാനിച്ചു. ഇതില്‍ 23 സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും ഒമ്പത് അലുമിനിയം ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ഏകദേശം 40 കോടി ഡോളറിന്റെ കനേഡിയന്‍ കയറ്റുമതിക്ക് ഇതിലൂടെ അധിക ആശ്വാസം ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പന്നിയിറച്ചി, ചെമ്മീന്‍, മറ്റ് മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് വ്യാപാരമേഖലയില്‍ കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള കാനഡയുടെ നീക്കത്തിന്റെ ഭാഗമായാണ് ചൈനയുമായുള്ള ബന്ധം ശക്തമാക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ വ്യാപകമായ ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്തുകയും സാമ്പത്തിക സമ്മര്‍ദത്തിലൂടെ കാനഡയെ അമേരിക്കയുടെ ഭാഗമാക്കുമെന്ന ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ജനുവരിയിലെ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു രാജ്യങ്ങളും വിവിധ ഉല്‍പ്പന്നങ്ങളുടെ തീരുവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ചൈനയിലേക്കുള്ള കാനഡയുടെ കയറ്റുമതിയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 100 ശതമാനം തീരുവ 6.1 ശതമാനമായി കുറയ്ക്കാനും പരമാവധി 49,000 വാഹനങ്ങള്‍ക്ക് ഇറക്കുമതി അനുമതി നല്‍കാനും ജനുവരിയില്‍ ധാരണയായിരുന്നു. പകരമായി കനേഡിയന്‍ കനോല ഉല്‍പ്പന്നങ്ങളുടെ തീരുവ ചൈന കുറച്ചു. ചൈനീസ് വാഹന നിര്‍മാതാക്കള്‍ കാനഡയില്‍ നിക്ഷേപം നടത്തി ഫാക്ടറികള്‍ ആരംഭിക്കണ മെന്നാണ് കാര്‍ണിയുടെ നിലപാട്. എന്നാല്‍, ചൈനയില്‍ നിര്‍മിച്ച ഘടകങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഫാക്ടറികള്‍ക്കു പകരം കാനഡക്കാര്‍ക്ക് മികച്ച തൊഴിലവസ രങ്ങള്‍ നല്കുന്ന നിക്ഷേപങ്ങളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
China as an alternative to the US? Canada announces new agreements with China.
















